15 November Friday

അതിശയക്കാഴ്‌ചയായി 
ആഴത്തിൽ ഒരു ‘വൻപണി’

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


കൊച്ചി
അതിശയക്കാഴ്‌ചയായി ദർബാർ ഹാൾ റോഡിൽ ബിപിസിഎല്ലിന്റെ പൈപ്പ്‌ സ്ഥാപിക്കൽ. ടാർ ചെയ്ത റോഡ് വെട്ടിപ്പൊളിക്കാതെ കൂറ്റൻ ഇരുമ്പുപൈപ്പുകൾ പത്തടി താഴ്‌ചയിൽ സ്ഥാപിക്കുന്ന പ്രവൃത്തിയാണ്‌ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്തിമഘട്ടത്തിലേക്ക്‌ അടുക്കുന്നത്‌.

വെൽഡ്‌ ചെയ്‌ത്‌ കൂട്ടിയോജിപ്പിച്ച വലിയ കറുത്ത പൈപ്പുകൾ ദിവസങ്ങൾക്കുള്ളിലാണ്‌ റോഡ് നിരപ്പിനടിയിൽ സ്ഥാപിക്കുന്നത്‌. പണി നടക്കുന്നത്‌ പുറമെ അറിയില്ല. ബിപിസിഎല്ലിന്റെ ക്രൂഡോയിൽ, ഓയിൽ പൈപ്പുകൾ മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പ്രവൃത്തി. ഹൊറിസോണ്ടൽ ഡയറക്‌ഷനൽ ഡ്രില്ലിങ്‌ (എച്ച്ഡിഡി) സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വലിയ യന്ത്രം ഉപയോഗിച്ചാണ്‌ പൈപ്പ്‌ സ്ഥാപിക്കുന്നത്. കുഴിക്കാതെ ഭൂമിക്കടിയിൽ പൈപ്പുകളും കേബിളുകളും ഇടാൻ കഴിയുന്ന യന്ത്രമാണ് എച്ച്ഡിഡി. ആദ്യഘട്ടത്തിൽ പ്രാരംഭദ്വാരമുണ്ടാക്കും. തുടർന്ന്‌ ബാക്ക് റീമർ എന്ന വലിയ തുരക്കൽ ഉപകരണം ഉപയോഗിച്ച്‌ ദ്വാരം വലുതാക്കും. മൂന്നാംഘട്ടത്തിലാണ്‌ പൈപ്പ് സ്ഥാപിക്കൽ. ഇത്രയും വലിയ ജോലിക്ക്‌ 35 പേർമാത്രമാണുള്ളത്‌.

മികച്ച സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ പഴയ പൈപ്പ്‌ മാറ്റുന്നത്‌. നിലവിലുള്ളവ 1966ൽ സ്ഥാപിച്ചതാണ്. മാക്‌സ്‌ടെക് എൻജിനിയറിങ്‌ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് പദ്ധതി. ദർബാർ ഹാൾ റോഡിലെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്‌. ഇത്‌ കഴിഞ്ഞാൽ സൗത്ത്, കതൃക്കടവ്, പൊന്നുരുന്നി, അമ്പലമുകൾ എന്നിവിടങ്ങളിലും പൈപ്പ്‌ മാറ്റും. എണ്ണശുദ്ധീകരണശാലമുതൽ കൊച്ചി ഓയിൽ ടെർമിനൽവരെ പത്തുകിലോമീറ്ററിലെ പൈപ്പുകളാണ്‌ മാറ്റിസ്ഥാപിക്കുന്നത്.

എണ്ണ വരും വഴി
തുറമുഖത്ത്‌ വരുന്ന എണ്ണ ടാങ്കറിൽനിന്ന്‌ ക്രൂഡോയിൽ ഈ പൈപ്പുകളിലൂടെയാണ്‌ കൊച്ചി റിഫൈനറിയിലേക്ക് പോകുന്നത്‌. ക്രൂഡോയിൽ സംസ്‌കരിച്ച്‌ വേർതിരിച്ച പെട്രോൾ, ഡീസൽ, നാഫ്ത മുതലായവ മറ്റൊരു പൈപ്പ്‌ലൈനിലൂടെ തിരികെ ടെർമിനലിലേക്കും അവിടെനിന്ന്‌ കപ്പലിലേക്കും പമ്പുചെയ്യും. ടെർമിനലിൽനിന്ന്‌ കപ്പലിൽ എണ്ണ മറ്റ് സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top