കൊച്ചി
നാളെയുടെ നായകരായ കുട്ടികളുടെ ഉത്സവമായി ശിശുദിനാഘോഷം. ജില്ലയിൽ വിവിധങ്ങളായ പരിപാടികളോടെയാണ് ശിശുദിനം ആഘോഷിച്ചത്.
ജില്ലാ ശിശുക്ഷേമസമിതിയുടെ വർണോത്സവം രാജേന്ദ്രമൈതാനത്ത് കുട്ടികളുടെ പ്രധാനമന്ത്രി അമയ ലൈജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അമിയ സുമി സജി അധ്യക്ഷയായി. സ്‌പീക്കർ മേരി ശ്രദ്ധ മുഖ്യപ്രഭാഷണം നടത്തി. അന്ന കെയ്ൻ, ഇഷാനി പ്രമോദ്, ഐസ അനാം എന്നിവർ സംസാരിച്ചു.
ദർബാർ ഹാൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ശിശുദിനറാലി പൊലീസ് അസിസ്റ്റന്റ് കമീഷണർ സി ജയകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി പി രാജീവ് ശിശുദിനസന്ദേശം നൽകി. ശിശുദിന സ്റ്റാമ്പ് ജഡ്‌ജി ഹണി എം വർഗീസ് പ്രകാശിപ്പിച്ചു. ശിശുദിനറാലിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്കൂളുകൾക്കുള്ള സമ്മാനം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയും രചനാമത്സരങ്ങൾക്കുള്ള സമ്മാനം ടി ജെ വിനോദ് എംഎൽഎയും വിതരണം ചെയ്‌തു. സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം യേശുദാസ് പറപ്പിള്ളി, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അരുൺകുമാർ, ജില്ലാ സെക്രട്ടറി സുനിൽ ഹരീന്ദ്രൻ, ട്രഷറർ സനം പി തോപ്പിൽ എന്നിവർ സംസാരിച്ചു.
നല്ല മനുഷ്യരാകുക:
മന്ത്രി പി രാജീവ്
എല്ലാവരും നല്ല മനുഷ്യരായി ജീവിക്കുക എന്നത് കാലത്തിന്റെ ആവശ്യമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജാതിമത ചിന്തകൾക്ക് അതീതമായി മറ്റുള്ളവരെ സ്നേഹിക്കുന്നവരും പരസ്പരം വിട്ടുവീഴ്ച ചെയ്യുന്നവരുമാകണം കുഞ്ഞുങ്ങൾ. ലഹരിക്കെതിരെയും സമൂഹത്തിലെ മറ്റ് മോശം പ്രവണതകൾക്കെതിരെയും പ്രതികരിക്കുന്ന ഉത്തരവാദിത്വമുള്ളവരായി കുഞ്ഞുങ്ങൾ മാറണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ശിശുക്ഷേമസമിതിയുടെ ശിശുദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..