22 November Friday

ചിലവന്നൂർ ബണ്ട്‌ റോഡ്‌ പാലം പുനർനിർമാണം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


കൊച്ചി
എൻഎച്ച് ബൈപാസിനെയും എംജി റോഡിനെയും ബന്ധിപ്പിക്കുന്ന ചിലവന്നൂർ ബണ്ട് റോഡിലെ പാലം പുനർനിർമാണം ബുധനാഴ്ച ആരംഭിക്കും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെഎംആർഎൽ) നേതൃത്വത്തിൽ കനാലിന്റെ വീതിയും ആഴവും വർധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരമാകുംവിധം കായലിന്റെ ആഴംകൂട്ടി പോളകൾ നീക്കും.

പഴയ പാലം പൊളിച്ചാണ് 38.78 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിക്കാണ്‌ കരാർ. 20 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ്‌ ലക്ഷ്യം. ജനങ്ങൾക്ക് ഒത്തുകൂടാനും കായൽഭംഗി ആസ്വദിക്കാനുമാകുന്ന തരത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള നടപ്പാതകളോടെ 180 മീറ്റർ നീളത്തിലാണ് പുതിയ പാലം. ചിലവന്നൂർ കനാലിന്റെ ഇരുഭാഗത്തുമുള്ള നടപ്പാത മുഖ്യ ആകർഷണമാകും. തണൽമരങ്ങളും ഇരിപ്പിടങ്ങളും വാണിജ്യാടിസ്ഥാനത്തിലുള്ള കിയോസ്കുകളും സ്ഥാപിക്കും.

പുതിയ പാലം വരുന്നതോടെ കുമ്പളം–-തേവര ഭാഗങ്ങളിൽനിന്നുള്ള ജലമെട്രോ സർവീസുകളെ എളംകുളം മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും. തണ്ണീർമുക്കം ബണ്ടുമുതൽ മരടുവഴി എളംകുളത്തേക്ക് ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്താനുമാകും. പെഡൽ ബോട്ടിങ്‌, കയാക്കിങ് ഉൾപ്പെടെയുള്ള വാട്ടർ സ്‌പോർട്‌സ്‌ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് കെഎംആർഎൽ തീരുമാനം.

ഗതാഗതം 
നിരോധിച്ചു
പുനർനിർമാണത്തിന്റെ ഭാഗമായി പൈലിങ് ജോലികൾ ആരംഭിക്കുന്നതിനാൽ പാലത്തിൽ അത്യാവശ്യ സർവീസ് ഒഴികെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. ചിലവന്നൂർ ഭാഗത്തുനിന്ന് തൈക്കൂടം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചിലവന്നൂർ റോഡ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ജനതാ റോഡിലേക്കും പോകണം. ഭാരവാഹനങ്ങൾ കെ പി വള്ളോൻ റോഡ് വഴി ചിലവന്നൂർ ഭാഗത്തേക്ക് പോകണമെന്നാണ് നിർദേശം. തൈക്കൂടം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജനതാ റോഡ് അല്ലെങ്കിൽ ബൈപാസ് വഴി സഹോദരൻ അയ്യപ്പൻ റോഡിലേക്കും ചിലവന്നൂർ ഭാഗത്തേക്കും പോകണം. നിർമാണം തീരുന്നതുവരെ ഗതാഗതനിയന്ത്രണമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top