കൊച്ചി
ഈ ‘ജയിൽചാട്ട’ത്തിന് സ്വാദേറെ. നേടുന്നതോ ലക്ഷങ്ങളും. ചപ്പാത്തിയും ബിരിയാണിയും ഉൾപ്പെടെയുള്ള ഭക്ഷണവിഭവങ്ങളാണ് സ്ഥിരം ‘ജയിൽചാട്ടക്കാർ’. തടവുകാരുടെ കൈപ്പുണ്യവും ജീവനക്കാരുടെ പൂർണസഹകരണവും ചേർന്നുള്ള ‘ചാട്ട’ത്തിലൂടെ ജില്ലാജയിൽ സ്വന്തമാക്കുന്നത് മാസം 30 ലക്ഷം രൂപവരെ.
2013ലാണ് ജില്ലാജയിലിൽ ഫ്രീഡം ഫുഡ് ഫാക്ടറി ആരംഭിച്ചത്. കാര്യമായ വരുമാനമില്ലാതിരുന്ന തുടക്കകാലം പഴങ്കഥ. നിലവിൽ മാസം 25 മുതൽ 30 ലക്ഷംവരെയാണ് വിറ്റുവരവ്. തടവുകാരുടെ ക്ഷേമവും ഉന്നമനവും ജയിൽവകുപ്പിന് വരുമാനവും ലക്ഷ്യമിട്ടായിരുന്നു ഫുഡ് ഫാക്ടറിയുടെ തുടക്കം. രുചിയൂറും ബിരിയാണിയും ചില്ലി ചിക്കനും ചില്ലി ഗോപിയുമെല്ലാമാണ് ഫാക്ടറി അടുക്കളയിൽ ദിവസവും തയ്യാറാക്കുന്നത്. മായമില്ലാത്ത ഭക്ഷണം കുറഞ്ഞ വിലയിൽ എന്നതാണ് മുഖ്യ ആകർഷണം.
മികച്ച ഗുണനിലവാരത്തിലുള്ള ഭക്ഷണം തയ്യാറാക്കാൻ ഫുഡ് സേഫ്‌റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരവും ജില്ലാജയിലിനെ തേടിയെത്തി. ഈറ്റ് റൈറ്റ് സർട്ടിഫിക്കറ്റ് ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ജയിലും ഇതാണ്. ഫാക്ടറിയിൽ തൊഴിലെടുക്കുന്ന തടവുകാർക്ക് 170 രൂപയാണ് ദിവസവേതനം. ജയിലിനോട് ചേർന്നുള്ള പ്രധാന കൗണ്ടറിനുപുറമെ തൃപ്പൂണിത്തുറ പ്രൈവറ്റ് ബസ് സ്റ്റാൻഡ്, കച്ചേരിപ്പടി, കലൂർ അന്താരാഷ്ട്ര സ്‌റ്റേഡിയം, ജില്ലാ കോടതി എന്നിവിടങ്ങൾക്കുസമീപവും കൗണ്ടറുണ്ട്. ഇതിനുപുറമെ സുഭാഷ് പാർക്ക്, ഹൈക്കോടതി പരിസരങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളിലും വിൽപ്പനയുണ്ട്.
ചപ്പാത്തിയിലും ബിരിയാണിയിലും ചിക്കൻ കറികളിലും ഒതുങ്ങുന്നില്ല കച്ചവടം. കുടിവെള്ളം ലിറ്ററിന് പത്തു രൂപയ്ക്കാണ് വിൽക്കുന്നത്. തടവുകാർ തയ്യാറാക്കുന്ന നെറ്റിപ്പട്ടം, കാർവാഷ്, സോപ്പുപൊടി, ഫിനോയിൽ എന്നിവയും ജയിലിൽനിന്ന് വിൽപ്പനയ്‌ക്കുണ്ട്. കച്ചവടത്തിൽനിന്നുള്ള ലാഭത്തിന്റെ പകുതി സർക്കാരിലേക്കും ശേഷിക്കുന്നത് ജയിൽ വികസന ഫണ്ടിലേക്കുമാണ്. 30–-40 തടവുകാരാണ് ഫുഡ് ഫാക്ടറിയിൽ ഭക്ഷണം തയ്യാറാക്കുന്നത്. സൂപ്രണ്ട് രാജു എബ്രഹാമിന്റെ മേൽനോട്ടത്തിലുള്ള ഫ്രീഡം ഫുഡ് ഫാക്ടറിയുടെ ചുമതല അസിസ്റ്റന്റ് സൂപ്രണ്ട് ഏലിയാസ് വർഗീസിനാണ്.
ആരും പട്ടിണി കിടക്കരുത്
ജയിലിലെ കച്ചവടത്തിൽ ലാഭംമാത്രമല്ല, നന്മയുമുണ്ട്. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ഷെയർ മീൽ എന്ന പദ്ധതിയാണ് വിശപ്പടക്കുന്നത്. ജയിൽ കൗണ്ടറുകളിൽ ഫുഡ് കൂപ്പണുകളുണ്ട്. സന്മനസ്സുള്ളവർ ഈ കൂപ്പൺ വിലകൊടുത്ത് വാങ്ങി തിരികെ ഏൽപ്പിക്കണം. ഭക്ഷണം ആവശ്യമുള്ളവർക്ക് കൗണ്ടറിലെത്തി കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം വാങ്ങാം. ഇത്തരത്തിൽ വാങ്ങുന്ന കൂപ്പൺ ശേഷിക്കുകയാണെങ്കിൽ അതിനുള്ള പണത്തിന് അനുസൃതമായുള്ള ഭക്ഷണവിഭവങ്ങൾ അനാഥാലയങ്ങൾക്കോ അഗതിമന്ദിരങ്ങൾക്കോ നൽകും. പ്രധാനമായും മെയിൻ കൗണ്ടറിലാണ് കൂപ്പണുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..