18 October Friday

പറവൂരിൽ ലൈഫിൽ അനാസ്ഥ ; നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


പറവൂർ
ലൈഫ്–-പിഎംഎവൈ ഗുണഭോക്താക്കളെ ദുരിതത്തിലാക്കുന്ന പറവൂർ നഗരസഭയുടെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. എൽഡിഎഫ് കൗൺസിലർമാർ ഗുണഭോക്താക്കളോടൊപ്പം നഗരസഭ കവാടത്തിൽ പ്രതിഷേധിച്ചു. നഗരസഭയുടെ അനാസ്ഥയിൽ 110 കുടുംബങ്ങളാണ്‌ പ്രതിസന്ധിയിലായിരിക്കുന്നത്‌. നഗരസഭാ നിർദേശാനുസരണം നിലവിലുള്ള വീടുകൾ ഇവർ പൊളിച്ചിരുന്നു. പുതിയ വീടിന്റെ നിർമാണം തുടങ്ങിയെങ്കിലും ഗഡുക്കൾ നൽകാത്തതിനാൽ ജോലികൾ നിലച്ചു.

പ്രായമായവർ ഉൾപ്പെടെ ഗുണഭോക്താക്കൾ മാസങ്ങളായി നഗരസഭയിൽ കയറിയിറങ്ങിയെങ്കിലും പണം നൽകുന്നതിൽ വ്യക്തമായ മറുപടി ഉദ്യോഗസ്ഥർക്കില്ല.
കഴിഞ്ഞതവണ നഗരസഭയുടെ പദ്ധതിവിഹിതത്തിൽ പിഎംഎവൈ–-ലൈഫ് പദ്ധതിക്കായി തുച്ഛമായ തുകയാണ് വകയിരുത്തിയിരുന്നത്. ജനറൽ വിഭാഗത്തിനും എസ്‌സി വിഭാഗത്തിനുമായി ആറുലക്ഷം രൂപവീതമാണ് നീക്കിവച്ചത്. പണം കുറവുള്ള നഗരസഭകൾ ഹഡ്കോപോലുള്ള ഏജൻസികളിൽനിന്ന് വായ്പയെടുത്ത് നൽകണമെന്ന സർക്കാർനിർദേശം സമയബന്ധിതമായി നടപ്പാക്കിയില്ല. ഇങ്ങനെയെടുക്കുന്ന വായ്പയുടെ പലിശ സർക്കാരാണ് വഹിക്കുന്നത്. ഹഡ്കോയിൽ വായ്പയ്‌ക്ക് അപേക്ഷിച്ചെങ്കിലും സമയം വൈകിയതിനാൽ ഇതുവരെയും തുക ലഭിച്ചിട്ടില്ല. വീടിന്റെ വാർക്ക കഴിഞ്ഞവർക്കും ഒരുഗഡുപോലും ഇതുവരെ നൽകാനായിട്ടില്ല. ഇത് ഗുണഭോക്താക്കളെ കടക്കെണിയിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് ടി വി നിഥിൻ പറഞ്ഞു.

പ്രശ്നത്തിന് ഉടൻ പരിഹാരമുണ്ടാക്കണമെന്നും പദ്ധതിവിഹിതം വർധിപ്പിക്കണമെന്നും ഹഡ്കോ വായ്പയ്‌ക്കുള്ള തുടർനടപടികൾ അതിവേഗത്തിലാക്കണമെന്നും കൗൺസിലർമാരായ കെ ജെ ഷൈൻ, എൻ ഐ പൗലോസ്, ജ്യോതി ദിനേശൻ, എം കെ ബാനർജി, ജയദേവാനന്ദൻ, ആർ എസ് സജിത, നിമിഷ രാജൻ എന്നിവർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top