16 October Wednesday
തലയെടുപ്പോടെ

എറണാകുളം 
മാർക്കറ്റ്‌ സമുച്ചയം ഉദ്‌ഘാടനം 
അടുത്തമാസം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


കൊച്ചി
വാണിജ്യ, വ്യവസായ കേന്ദ്രമായ കൊച്ചിയുടെ പ്രൗഢി ഉയർത്തി എറണാകുളം മാർക്കറ്റ്‌ സമുച്ചയം. നൂറ്റാണ്ട്‌ പഴക്കമുണ്ടായിരുന്ന ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കിയാണ്‌ ആധുനികസൗകര്യങ്ങളോടെ പുത്തൻ സമുച്ചയം പൂർത്തിയാക്കിയത്‌. പെയ്‌ന്റിങ് ഉൾപ്പെടെ ജോലികൾ കഴിഞ്ഞ സമുച്ചയം നവംബറിൽ തുറക്കുമെന്ന്‌ മേയർ എം അനിൽകുമാർ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ്‌ സിഎസ്‌എംഎല്ലിന്റെ നേതൃത്വത്തിൽ നിർമാണം തുടങ്ങിയത്‌.

72 കോടി, 
2 ലക്ഷം ചതുരശ്രയടി
രണ്ട്‌ ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ്‌ സമുച്ചയം. ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, ഒന്ന്‌, രണ്ട്‌. മൂന്ന്‌ നിലകൾ. ബേസ്‌മെന്റിൽ 88 കാറുകൾക്ക്‌ പാർക്ക്‌ ചെയ്യാം. പ്രതിദിനം 100 കിലോലിറ്റർ ശേഷിയുള്ള സിവേജ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌, വിവിധ ആവശ്യങ്ങൾക്കായി ജലസംഭരണികളുമുണ്ട്‌. 72 കോടിയാണ്‌ നിർമാണച്ചെലവ്‌.

കച്ചവടം 
പൊടിപൊടിക്കും;
 275 ഷോപ്പുകൾ
താഴെനിലയിൽ 183, ഒന്നാംനിലയിൽ 92 എന്നിങ്ങനെ 275 കടമുറികളുണ്ട്‌. 50 മുതൽ 150 ചതുരശ്രയടിവരെയാണ്‌ വിസ്‌തീർണം. പച്ചക്കറി, പഴവർഗങ്ങൾ, പലചരക്കുകൾ, മുട്ട, മീൻ, സ്‌റ്റേഷനറി, കയർ തുടങ്ങിയ വിവിധ കച്ചവടങ്ങൾക്കായി പ്രത്യേകം കടമുറികൾ. ഇറച്ചിയും മീനും രണ്ടാംനിലയിൽ. ഇറച്ചിയും മീനും മുകളിലെത്തിക്കാൻ പ്രത്യേകം റാമ്പ്‌. മണം പുറത്തേക്ക്‌ വ്യാപിക്കില്ല.

അതിവിശാലം 
രണ്ടും മൂന്നും നിലകൾ
രണ്ടും മൂന്നും നിലകളും അതിവിശാലമാണ്‌. ഇവിടെ  കടമുറികൾ തിരിച്ചിട്ടില്ല. ബാങ്കുകൾക്കോ മറ്റു സ്ഥാപനങ്ങൾക്കോ ഓഫീസ്‌ ആവശ്യത്തിനുൾപ്പെടെ  പ്രയോജനപ്പെടുത്താം.

ക്ലോക്ക്‌ ടവർ, 
സോളാർ, ലിഫ്‌റ്റുകൾ
സമുച്ചയത്തിന്‌ ഏറ്റവും മുകളിൽ ക്ലോക്ക്‌ ടവർ. സോളാർ പാനലുകളുമുണ്ട്‌. അഞ്ച്‌ ലിഫ്‌റ്റാണുള്ളത്‌. മൂന്നെണ്ണം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും. രണ്ടെണ്ണം സാധനങ്ങൾ എത്തിക്കുന്നതിനും. അത്യാഹിതഘട്ടങ്ങളിൽ ഇതിലേക്കുള്ള പ്രവേശനം തടയാൻ റോളിങ്‌ ഷട്ടറുകളുമുണ്ട്‌. മുഴുവൻ നിലയിലും ഭിന്നശേഷിക്കാർക്കുൾപ്പെടെ ശുചിമുറികൾ. അഗ്നി രക്ഷാസേനയുടെ നിരാക്ഷേപ പത്രം (എൻഒസി) ഉടൻ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top