പറവൂർ
ആലപ്പുഴ ജില്ലയിലെത്തിയ അക്രമകാരികളായ കുറുവാ സംഘം മോഷ്ടാക്കൾ പറവൂരിലും കവർച്ചയ്‌ക്കെത്തിയെന്ന് സംശയം. ബുധൻ പുലർച്ച ഒന്നിനും മുന്നിനും ഇടയിലാണ് ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം പ്രദേശങ്ങളിൽ ഇവർ എത്തിയെന്നു പറയുന്നത്. കരിമ്പാടത്തെ വീടിന്റെ വാതിലിൽ ശക്തിയായി അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്ന് ലൈറ്റ് ഇട്ടതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു.
പിന്നിലെ വാതിൽ തുറക്കാൻ ശ്രമിച്ച മോഷ്ടാക്കൾ താഴത്തെ കുറ്റി ഇളക്കുകയും ചെയ്‌തു. രണ്ടുപേർവീതമുള്ള സംഘമാണ് എത്തിയത്. ഒരേ ആളുകൾതന്നെയാണോയെന്ന് കാമറ ദൃശ്യത്തിൽ വ്യക്തമല്ല. മുഖംമൂടി ധരിച്ച് കൈയിൽ ആയുധങ്ങളുമായി എത്തി വീടുകളുടെ പിന്നിലെ വാതിലുകൾ തുറക്കാനാണ് ശ്രമിച്ചത്. ഒരിടത്തുനിന്നും സാധനങ്ങൾ മോഷണം പോയിട്ടില്ല. ഒരുവീട്ടിൽ കമ്പിപ്പാര ഉപേക്ഷിച്ചിട്ടുണ്ട്.
മൂന്ന് വീടുകളിൽ മോഷ്ടാക്കൾ എത്തിയെന്നാണ് പൊലീസ് പറയുന്നതെങ്കിലും 10 വീടുകളിൽ വന്നിട്ടുണ്ടെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് വടക്കേക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.പറവൂർ മേഖലയിലെ വീടുകളിൽ എത്തിയത് കുറുവാ സംഘംതന്നെയാണെന്ന് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..