18 December Wednesday

കായികക്കുതിപ്പിന്‌ ജിസിഡിഎ സ്‌പോർട്‌സ്‌ സമുച്ചയം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

നവീകരണത്തിനായി പൊളിച്ചുനീക്കുന്ന അംബേദ്‌കർ സ്റ്റേഡിയത്തിലെ ഗ്യാലറി


കൊച്ചി
കൊച്ചിയുടെ കായികക്കുതിപ്പിന്‌ കരുത്തേകാൻ ജിസിഡിഎ നേതൃത്വത്തിൽ സ്‌പോർട്‌സ്‌ സമുച്ചയം ഒരുങ്ങുന്നു. ഇന്ത്യൻ കായികരംഗത്തിന്‌ പുതുതാരങ്ങളെ സംഭാവന ചെയ്യാൻ കഴിയുംവിധം അക്കാദമി ഉൾപ്പെടെയാണ്‌ സമുച്ചയം സജ്ജമാക്കുക. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡിന്‌ സമീപത്തെ അംബേദ്‌കർ സ്‌റ്റേഡിയം പൂർണമായി പൊളിച്ചുനീക്കിയശേഷം ജിസിഡിഎ സമുച്ചയ നിർമാണത്തിലേക്ക്‌ കടക്കും.

ബാഡ്‌മിന്റൺ, വോളിബോൾ, ബാസ്‌കറ്റ്‌ ബോൾ കോർട്ടുകൾ, ജമ്പിങ്‌ പിറ്റുകൾ, ഫുട്‌ബോൾ സ്‌റ്റേഡിയം എന്നിവ അടങ്ങുന്നതാണ്‌ സമുച്ചയം. 15,000 പേർക്ക്‌ കളികാണാനാകുന്ന ഫുട്‌ബോൾ സ്‌റ്റേഡിയം. സ്‌കേറ്റിങ്‌ കോർട്ട്‌, സൈക്ലിങ്‌ ട്രാക്ക്‌, വാക്കിങ്‌ ട്രാക്ക്‌ എന്നിവയും ഒരുക്കും. ക്രിക്കറ്റ്‌ പരിശീലനത്തിന്‌ നെറ്റ്‌ പ്രാക്ടീസ്‌ സൗകര്യവും സജ്ജമാക്കും. താരങ്ങൾക്കായി ജിം, വിശ്രമമുറികൾ എന്നിവയും തയ്യാറാക്കും. ഓഫീസ്‌ മുറികളും പാർക്കിങ്‌ സൗകര്യവുമുണ്ട്‌. വിശദ പദ്ധതിരേഖ (ഡിപിആർ) ഉൾപ്പെടെ ഉടൻ തയ്യാറാക്കും.

വർഷങ്ങളായി ജീർണാവസ്ഥയിലുള്ള സ്‌റ്റേഡിയം സെപ്‌തംബറിലാണ്‌ പൊളിക്കാൻ തുടങ്ങിയത്‌. നിലവിൽ 65 ശതമാനം പൊളിച്ചു. ഡിസംബർ ആദ്യവാരത്തോടെ പൂർത്തിയാകും. കായികപ്രേമികളുടെ ദീർഘകാല ആവശ്യം സാക്ഷാൽക്കരിച്ച്‌  എഴുപതുകളുടെ ആദ്യമാണ്‌ ഏഴേക്കറിൽ നഗരസഭ സ്‌റ്റേഡിയം നിർമിച്ചത്‌.
കപിൽദേവ്‌, സച്ചിൻ ടെൻഡുൽക്കർ, ഐ എം വിജയൻ, ക്യാപ്‌റ്റൻ മണി ഉൾപ്പെടെ കായികമേഖലയിലെ അതികായർ അംബേദ്‌കർ മൈതാനത്ത്‌ കളിച്ചിട്ടുണ്ട്‌. കായികപ്രേമികളുടെ മനസ്സിൽ ആവേശമുണർത്തുന്ന നിരവധി നിമിഷങ്ങളാണ്‌ സ്‌റ്റേഡിയം സമ്മാനിച്ചത്‌.

ഇന്ദിരാ ഗാന്ധി ഉൾപ്പെടെ നിരവധി നേതാക്കൾ മൈതാനത്ത്‌ പ്രസംഗിച്ചിട്ടുമുണ്ട്‌. കോർപറേഷനാണ്‌ സ്‌റ്റേഡിയം നിർമാണം ആരംഭിച്ചത്‌. പിന്നീട്‌, ജിസിഡിഎ ഏറ്റെടുക്കുകയായിരുന്നു. ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെയാണ്‌ അംബേദ്‌കർ സ്‌റ്റേഡിയം എന്ന്‌ പേരിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top