പെരുമ്പാവൂർ
കൃഷിയും കലകളുമായി ജീവിതത്തിൽ പച്ചപ്പ് നിറയ്‌ക്കുകയാണ് മുടക്കുഴ ഇളമ്പകപ്പിള്ളി തറമുകളിൽ ശാന്തി സുരേഷ്. നാൽപ്പത്തേഴുകാരിയായ ശാന്തി, രണ്ടരപ്പതിറ്റാണ്ടായി വിവിധ കൃഷികളിലൂടെ നാടിന് മാതൃകയാകുന്നു. ഇളമ്പകപ്പിള്ളിയിലെ രണ്ടര ഏക്കറിൽ തെങ്ങ്, വാഴ, വിവിധയിനം പച്ചക്കറികൾ എന്നിവയ്‌ക്കുപുറമെ മീൻകൃഷിയുമുണ്ട്. 25 പശുക്കൾ, ആടുകൾ, പത്ത് ഇനങ്ങളിലുള്ള കോഴികൾ എന്നിവ ഇവിടെയുണ്ട്. കൂട്ടിന് നായ്ക്കളും. ശാന്തിയുടെ വിളികേട്ടാൽ ഇവ ചുറ്റും കൂടുന്നു. ഒരേക്കറിൽ പുൽക്കൃഷിയും ഇളമ്പകപ്പിള്ളിയിലെ വീട്ടിൽ 1000 ചതുരശ്രയടിയിൽ മട്ടുപ്പാവുകൃഷിയുമുണ്ട്. പുറമെ പൂന്തോട്ടവും.
കൂവപ്പടിയിൽ വനിതാജീവനക്കാരുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന "മദേഴ്സ് കിച്ചനി’ലൂടെയാണ് വിളവുകൾ വിറ്റഴിക്കുന്നത്. ഹോട്ടൽ, മിൽമ ഡെയറി എന്നിവയിലൂടെയാണ് പാൽ വിൽപ്പന. നാട്ടുകാർക്ക് നേരിട്ടും നൽകുന്നു. കൂവപ്പടി ജങ്ഷനിൽ ഹോട്ടലിനുവേണ്ടി 2000 ചതുരശ്രയടിയിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ മട്ടുപ്പാവ്, കൃഷിക്കായി ഒരുങ്ങി.
കൃഷിക്കുപുറമെ കലാരംഗത്തും സജീവമാണ് ശാന്തി. കുച്ചിപ്പുടി, മോഹിനിയാട്ടം നർത്തകികൂടിയാണ്. ഉത്സവകാലത്ത് അമ്പലങ്ങളിലും സാംസ്കാരികവേദികളിലും നൃത്തം അവതരിപ്പിക്കാറുണ്ട്. ഗ്യാസ് ഏജൻസി ഉടമയായ ഭർത്താവ് എൻ സുരേഷിന്റെ പിന്തുണ ശാന്തിക്കുണ്ട്. സിദ്ധാർഥ് എസ് പിള്ള (ക്യാനഡ), ലക്ഷ്മീപാർവതി (വിദ്യാർഥി) എന്നിവരാണ് മക്കൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..