കൊച്ചി
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ നബിദിനം ആഘോഷിച്ചു. തെരുവോരങ്ങളും പള്ളികളും- മദ്രസകളും വീടുകളുമടക്കം തോരണങ്ങളാൽ നിറഞ്ഞു. മധുരവിതരണവും ഘോഷയാത്രകളുമായി വിശ്വാസികൾ നബിദിനത്തെ വരവേറ്റു. നാടാകെ മഹല്ല് കമ്മിറ്റികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നബിദിന റാലിയും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു.
കലൂർ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ നബിദിനാഘോഷത്തിന് തുടക്കമായി. മൗലീദ് പാരായണവും വൈകിട്ട് റാലിയും ഉണ്ടായി.
വെണ്ണലയിലെ വിവിധ മഹല്ലുകളിൽ നടന്ന നബിദിന ഘോഷയാത്ര പരിസരപ്രദേശങ്ങളിലൂടെ കടന്ന് അതത് പള്ളികളിൽ സമാപിച്ചു.
പെരുമ്പാവൂർ
നൂലേലി മസ്ജിദുന്നൂർ ജമാഅത്തിന്റെയും നൂറുൽ ഹുദാ മദ്രസയും വെസ്റ്റ് നൂലേലി മസ്ജിദുൽ ഫത്തഹ് ആൻഡ് മിഫിതാഹുൽ ഉലൂം മദ്രസയും ചേർന്ന് നടത്തിയ നബിദിന ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് ഓടക്കാലി തിരുവുത്സവകൂട്ടായ്മ മധുരപാനീയം നൽകി സ്വീകരിച്ചു. പനിച്ചയം ദേവീക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ ആഘോഷപരിപാടികൾക്കുവേണ്ടി നാലുവർഷംമുമ്പ് രൂപംകൊണ്ടതാണ് ഓടക്കാലി തിരുവുത്സവകൂട്ടായ്മ. മൂന്നുവർഷമായി നബിദിന ഘോഷയാത്രയ്‌ക്ക് സ്വീകരണം നൽകുന്നു. മഹല്ല് ഇമാം അബൂബക്കർ അസ്ഹരിക്ക് മധുരം നൽകി ഷാജി സരിഗ ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂർ മേഖലയിലെ വിവിധ പള്ളികളിൽ നബിദിന ഘോഷയാത്രയും മിഠായി വിതരണവും നടത്തി. കാരാട്ടുപള്ളി മുസ്ലിം ജമാഅത്ത് പള്ളിയിൽ ജമാഅത്ത് പ്രസിഡന്റ് കെ കെ ബീരാൻ ഹാജി പതാക ഉയർത്തി. കാഞ്ഞിരക്കാട് മുസ്ലിം ജമാഅത്തിൽ മുനിസിപ്പൽ ചെയർമാൻ പോൾ പാത്തിക്കൽ മധുരപലഹാരവിതരണം നടത്തി. പാറപ്പുറം മുസ്ലിം ജമാഅത്ത് കമ്മിറ്റി, സൗത്ത് വല്ലം നൂറുൽ ഇസ്ലാം മദ്രസ എന്നിവയും നബിദിന ഘോഷയാത്ര നടത്തി.
പട്ടിമറ്റം
കൈതക്കാട് മുസ്ലിം ജമാഅത്ത് നബിദിന സന്ദേശറാലി നടത്തി. പട്ടിമറ്റം ബദർ മസ്ജിദിൽനിന്ന് ആരംഭിച്ച റാലി പട്ടിമറ്റം ടൗൺ ചുറ്റി പാലക്കാട് മുസ്ലിം ജമാഅത്ത് അങ്കണത്തിൽ സമാപിച്ചു. ജമാഅത്ത് പ്രസിഡന്റ് എ പി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൈതക്കാട് മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അഡ്വ. അബ്ദുൽ ഗഫൂർ ഹുദവി നബിദിന സന്ദേശം നൽകി. വിവിധ കലാപരിപടികൾ നടന്നു.
നെടുമ്പാശേരി
പറമ്പയം മുസ്ലിം ജമാഅത്ത് നബിദിനാഘോഷം സംഘടിപ്പിച്ചു. പള്ളിയിൽ ജമാഅത്ത് പ്രസിഡന്റ് എസ് ഹംസയും മദ്രസയിൽ പിടിഎ പ്രസിഡന്റ് കെ കെ നിസാറും പതാക ഉയർത്തി. ഘോഷയാത്രയും അന്നദാനവും പൊതുസമ്മേളനവും നടന്നു. അൻവർ സാദത്ത് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. അൻവർ ഷാഫി അസ്ഹരി, അബ്ദുള്ള ഫൈസി, പി എം നിഷാദ്, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. മദ്രസ കലാമത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..