കൊച്ചി
വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് അതിജീവനത്തിന്റെ കളിപാഠം പകർന്ന് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ വിദ്യാർഥികൾ. ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിൽ കൊച്ചിയിലെ ആദ്യകളിയിൽ താരങ്ങളുടെ കൈപിടിക്കാൻ അണിനിരന്നത് ഇവരാണ്. മത്സരം ആസ്വദിച്ച് ഐഎംഎ ഹൗസിൽ ഓണസദ്യയിലും കുരുന്നുകൾ പങ്കെടുത്തു.
മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റി (എംഇഎസ്) യൂത്ത് വിങ് സംസ്ഥാന കമ്മിറ്റിയാണ് 33 കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഐഎംഎ ഹൗസിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഫ്യൂച്ചറേസ് ഹോസ്പിറ്റൽ, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ (പിആർസിഐ) കൊച്ചിൻ ചാപ്റ്റർ, കേരള ബ്ലാസ്‌റ്റേഴ്‌സ്, ലുലു എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എംഇഎസ് സംസ്ഥാന സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് ആർ കെ ഷാഫി അധ്യക്ഷനായി. ടി എം സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. ഐഎസ്എൽ മത്സരശേഷം ലുലുവിൽ ഒരുക്കിയിരുന്ന അത്താഴവിരുന്നിലും പങ്കെടുത്താണ് ഇവർ മടങ്ങിയത്.
ലുലുവിൽ അത്യാധുനിക റൈഡുകളിലും ഗെയിമിങ്ങ് സെക്ഷനുകളിലും മണിക്കൂറുകളോളം കുട്ടികൾ ആനന്ദകരമാക്കി. രക്ഷിതാക്കൾക്കൊപ്പം ഷോപ്പിങ്ങിലും കുട്ടികൾ ഭാഗമായി. ഷോപ്പിങ്ങിനായ 1500 രൂപ വീതം എംഇഎസ് പ്രവർത്തകർ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പോക്കറ്റ് മണിയും നൽകി. ലുലു മെയിൻ ഏട്രിയത്തിൽ ഒരുക്കിയിരുന്ന കൂറ്റൻ പൂക്കളത്തിന് മുന്നിൽനിന്ന് ഫോട്ടോയും എടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..