കൊച്ചി
കുഴികളില്ലാത്ത റോഡ് എന്ന ലക്ഷ്യവും യാഥാർഥ്യമാകുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ കൊച്ചി കോർപറേഷന് ടാർ പാച്ചിങ് പോട്ട്‌ഹോൾ മെഷീൻ സ്വന്തമായതോടെയാണ് സുഗമമായ ഗതാഗതത്തിന് വഴി തെളിഞ്ഞത്.
മേയർ എം അനിൽകുമാറിന്റെ ആവശ്യപ്രകാരമാണ് യന്ത്രം ലഭ്യമാക്കാൻ സിഎഎസ്‌എംഎൽ നടപടിയെടുത്തത്. 1.76 കോടിയാണ് യന്ത്രത്തിന്റെ വില. അഞ്ചു വർഷത്തെ പരിപാലന ചെലവ് തുക 6.16 കോടി. യന്ത്രം നൽകുന്ന കമ്പനിതന്നെയാണ് അത് റോഡിൽ പ്രവർത്തിപ്പിക്കുന്നതും. ടാർ പാച്ചിങ് യന്ത്രം വെള്ളിയാഴ്‌ച തദ്ദേശമന്ത്രി എം ബി രാജേഷ് നിരത്തിലിറക്കും. യന്ത്രം ഉപയോഗിച്ച് കുഴികൾ യഥാസമയം അടയ്‌ക്കുന്നതിലൂടെ സുഗമവും അപകടരഹിതവുമായ യാത്ര ഉറപ്പാക്കാനും കഴിയും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സാധിക്കും.
മാറിമാറി വന്ന കൗൺസിലുകളുടെ പ്രധാനമായ ആവശ്യമായിരുന്നു ടാർ പാച്ചിങ് മെഷീൻ. എന്നാൽ തീരുമാനം യാഥാർഥ്യമായിരുന്നില്ല. നിലവിലെ ഭരണസമിതിയുടെ തീരുമാനമാണ് യന്ത്രം യാഥാർഥ്യമാക്കിയത്. നഗര മാലിന്യനീക്കത്തിന് സുരക്ഷിതവും സൗകര്യപ്രദവുമായ 15 ആധുനിക കോംപാക്ടറും വെള്ളിയാഴ്‌ച കോർപറേഷൻ നിരത്തിലിറക്കും. തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമായാണ് കവചിത വാഹനമായ കോംപാക്ടറുകൾ നിരത്തിലിറക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..