മട്ടാഞ്ചേരി
വിനോദസഞ്ചാരമേഖലയ്‌ക്ക് പുത്തനുണർവേകാൻ ഫോർട്ട് കൊച്ചിയിലെ പീപ്പിൾസ് റെസ്റ്റ് ഹൗസ് 19ന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കുന്ന പീപ്പിൾസ് റെസ്റ്റ് ഹൗസ് പദ്ധതി 1.45 കോടി ചെലവിലാണ് നവീകരിച്ചത്. ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യും.
ഫോർട്ട് കൊച്ചി കടപ്പുറത്തോട് ചേർന്ന് ചരിത്രകെട്ടിടവും പുതിയ കെട്ടിടവുമടങ്ങുന്ന റെസ്റ്റ് ഹൗസ് സമുച്ചയമാണ് നവീകരിച്ച് മനോഹരമാക്കിയത്. കോളനിവാഴ്‌ചയുടെ കാലഘട്ടത്തിൽ അധികാരികളുടെ വിശ്രമകേന്ദ്രമായിരുന്ന റെസ്റ്റ് ഹൗസ് സ്വാതന്ത്ര്യാനന്തരം സർക്കാർ അതിഥിമന്ദിരമാക്കി. കേരള വാസ്തുശൈലിയിൽ നിർമിച്ച കെട്ടിടത്തിൽ രണ്ടു മുറികൾ, അടുക്കള, അതിഥിമുറി എന്നിവയാണ് ഉണ്ടായിരുന്നത്. പുരാതനകെട്ടിടത്തിലിരുന്നാൽ കടപ്പുറവും കടൽക്കാറ്റുംകൊണ്ടുള്ള കാഴ്ചയും ആകർഷകമാണ്. കെട്ടിടം 1962ൽ നവീകരിച്ചു. 2006ൽ ഇതിനോട് ചേർന്ന് മൂന്നു മുറികളും ഓഫീസും ഹാളുമടങ്ങുന്ന പുതിയ കെട്ടിടം നിർമിച്ചെങ്കിലും സുരക്ഷിതത്വമില്ലായ്‌മയും കുറഞ്ഞ സൗകര്യങ്ങളും വിനോദസഞ്ചാരികൾ റെസ്റ്റ് ഹൗസിനെ ഉപേക്ഷിക്കാനിടയാക്കി. മുറി ബുക്കിങ് തടസ്സങ്ങളും തിരിച്ചടിയായി.
വിദ്യാർഥികളും വിദേശികളും ഫോർട്ട് കൊച്ചി റെസ്റ്റ് ഹൗസിനെ ചരിത്രപഠന വിഷയമാക്കിയതോടെയാണ് പൊതുമരാമത്തുവകുപ്പ് ഇത് നവീകരിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ നവംബറിൽ ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസാണ് നിർമാണോദ്ഘാടനം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..