17 October Thursday

ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


കൊച്ചി
സിഎസ്എംഎൽ സാമ്പത്തികസഹായത്തോടെ ജിസിഡിഎ പൂർത്തിയാക്കിയ മൂന്നു പദ്ധതികളുടെ ഉദ്ഘാടനം വെള്ളി പകൽ മൂന്നിന്‌ തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് നിർവഹിക്കും. കലൂർ മാർക്കറ്റ് നവീകരണ പൂർത്തീകരണ പ്രഖ്യാപനം, കലൂർ മാർക്കറ്റ് റോഡ്‌ ഉദ്ഘാടനം, നഗരത്തിൽ അഞ്ചിടങ്ങളിലായി നിർമിച്ച പൊതു ശുചിമുറി സമുച്ചയങ്ങൾ എന്നിവ ഉദ്‌ഘാടനം ചെയ്യും. ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷനാകും. വ്യവസായമന്ത്രി പി രാജീവ്‌ മുഖ്യാതിഥിയാകും.

അത്യാധുനിക കൊച്ചിക്കായി മികച്ച മാർക്കറ്റ്‌
മികച്ച ഗുണനിലവാരവും ശുചിത്വപരിപാലനവും ഉറപ്പാക്കിയുള്ള പൊതുവിപണി കലൂർ മാർക്കറ്റിലൂടെ യാഥാർഥ്യമാകുകയാണ്. 40,000 ചതുരശ്രയടിയുള്ള രണ്ടുനിലക്കെട്ടിടത്തിന്റെ നവീകരണം 5.87 കോടി രൂപ ചെലവിൽ സിഎസ്എംഎൽ സഹകരണത്തോടെയാണ്‌ പൂർത്തിയാക്കിയത്. ഇറച്ചി, മീൻ, പഴം, പച്ചക്കറി (അനുബന്ധ ഉൽപ്പന്നങ്ങൾ/പലചരക്ക്) എന്നിവയ്‌ക്കായി 6000 ചതുരശ്രയടിയിൽ പ്രത്യേക ഇടങ്ങൾ താഴെ നിലയിൽ ഒരുക്കിയിട്ടുണ്ട്. കോഴി, ആട്, മാട്, പോർക്ക് എന്നിവയുടെ വിപണനം ഉണ്ടായിരിക്കും. 84 കടമുറികളുണ്ട്‌. സൂപ്പർമാർക്കറ്റ്, ഓപ്പൺ റസ്റ്റോറന്റ്, പാർക്കിങ്‌, ലിഫ്റ്റ്, മഴവെള്ളസംഭരണി, അഗ്നിശമന സജ്ജീകരണങ്ങൾ, ശുചിമുറി, ഡ്രെയിനേജ് സംവിധാനം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറവിടമാലിന്യ സംസ്കരണത്തിനായി ദിവസം 50 കിലോലിറ്റർ മലിനജലശേഷിയുള്ള ഇടിപി (ഇൻഫ്ലുയെന്റ്‌ ട്രീറ്റ്‌മെന്റ്‌ പ്ലാന്റ്‌) സംവിധാനം ഒരുക്കും. ദേശാഭിമാനി ജങ്‌ഷനുസമീപമുള്ള പഴയ മാർക്കറ്റിൽ പ്രവർത്തിക്കുന്ന വ്യാപാരികളെ കലൂർ മാർക്കറ്റിലേക്ക് മാറ്റും.

ഇന്റർലോക്ക് ഇഷ്ടിക പതിച്ച റോഡ്‌
ബാനർജി റോഡിൽനിന്ന്‌ കലൂർ മാർക്കറ്റിലേക്കുള്ള പ്രവേശനത്തിന്‌ 160 മീറ്റർ നീളവും 7.5 മീറ്റർ വീതിയിലുമുള്ള റോഡ്‌ നിർമിച്ചു. ഇന്റർലോക്ക് ഇഷ്ടിക പതിച്ചുള്ള റോഡ്‌ 67 ലക്ഷം രൂപ ചെലവിലാണ്‌ നിർമാണം. കലുങ്ക് നിർമാണവും കനാലിനോട് ചേർന്ന വേലിയും കലൂർ മാർക്കറ്റ് റോഡ് പദ്ധതിയിൽ ഉൾപ്പെടുന്നു.

നൂതന ശുചിമുറിസൗകര്യം
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ സ്റ്റേഡിയത്തിൽ ഒന്നും എന്നിങ്ങനെയാണ് ശുചിമുറി നിർമിച്ചത്. മറൈൻ ഡ്രൈവ്, അംബേദ്കർ സ്റ്റേഡിയം എന്നിവിടങ്ങളിൽ കഫെറ്റീരിയയും ഉൾപ്പെടുന്നു. രണ്ടുകോടി രൂപയാണ് നിർമാണച്ചെലവ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top