മുളന്തുരുത്തി
മുളന്തുരുത്തി പെരുമ്പിള്ളിയിൽ വീടിനുള്ളിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മുളന്തുരുത്തി പള്ളിത്താഴം സ്‌റ്റാൻഡിലെ ഓട്ടോഡ്രൈവർ വേഴപറമ്പ് ചിറയ്ക്കൽ അനിലാണ് (52) മരിച്ചത്. ശനി രാത്രി എട്ടോടെയാണ് അപകടം. മുളന്തുരുത്തി- കാഞ്ഞിരമറ്റം റോഡിനോടുചേർന്നുള്ള ഈച്ചിരവേലിൽ മത്തായിയുടെ വീട്ടിലാണ് അപകടമുണ്ടായത്. വാടകയ്ക്ക് നൽകിയിരുന്ന വീടിന്റെ മുകളിലത്തെ നിലയിൽ അനിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഉഗ്രശബ്ദത്തോടെ തീ ആളിപ്പടരുന്നതുകണ്ട് അയൽവാസികളാണ് ആദ്യം ഓടിയെത്തിയത്. മുകളിലത്തെ നിലയിലാണ് ആദ്യം തീ പടർന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പിന്നാലെ വീടാകെ വ്യാപിച്ചു. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോയും കത്തിനശിച്ചു. അഗ്നി രക്ഷാസേനയെത്തി വീടിനുള്ളിൽനിന്ന് അനിലിനെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. താഴെനിലയിലെ താമസക്കാർ അപകടസമയം സ്ഥലത്തില്ലാതിരുന്നതിനാൽ കൂടുതൽ അപായമുണ്ടായില്ല. നാല് യൂണിറ്റ് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരുംചേർന്ന് ഒന്നരമണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. വീട് പൂർണമായും കത്തിനശിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..