23 December Monday

പെരുമ്പാവൂർ കടന്നുകിട്ടൽ കഠിനം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


പെരുമ്പാവൂർ
ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി പെരുമ്പാവൂർ പട്ടണവും പരിസരവും. ശനി രാവിലെ തുടങ്ങിയ കുരുക്ക് രാത്രിയിലും തുടർന്നു. ശബരിമല നട തുറന്നതോടെ എംസി റോഡിൽ തീർഥാടകവാഹനങ്ങൾ ഏറിയതും നഗരസഭയ്ക്കുമുന്നിൽ കോർട്ട് റോഡിൽ കേടായ ലോറി കുടുങ്ങിയതും കുരുക്ക്‌ രൂക്ഷമാക്കി. എംസി റോഡിലും എഎം റോഡിലും വാഹനങ്ങൾ മണിക്കൂറുകളോളം കിടന്നു. ആംബുലൻസ്‌ കടത്തിവിടാൻ പൊലീസ് വിയർത്തു. ബസുകൾ ഇടവഴികളിലൂടെയാണ് സ്വകാര്യ ബസ് സ്റ്റാൻഡിലെത്തിയത്.

ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ബെന്നി ബെഹനാൻ എംപിയും എൽദോസ് കുന്നപ്പിള്ളി എംഎൽഎയും ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്‌. പ്രതീക്ഷയോടെ കാത്തിരുന്ന ബൈപാസിന്റെ നിർമാണം കഴിഞ്ഞമാസം തുടങ്ങിയെങ്കിലും സാവധാനത്തിലാണ് നടക്കുന്നത്. 10 വർഷംമുമ്പ് തുടങ്ങിയ ബൈപാസ് പദ്ധതി കാലപ്പഴക്കംകൊണ്ട് കാലഹരണപ്പെട്ടുവെന്നും മേൽപ്പാലം നിർമിക്കുകയാണ്‌ പരിഹാരമെന്നും വിദഗ്‌ധർ പറയുന്നു. തിരക്കേറിയ എഎം റോഡും എംസി റോഡും ചേരുന്ന ടൗൺ സിഗ്നൽ ജങ്ഷനിലെ കുരുക്ക്‌ ബൈപാസ് പദ്ധതികൊണ്ട് പരിഹരിക്കാനാകാത്ത സ്ഥിതിയായി. ഗതാഗതനിയന്ത്രണങ്ങൾ കാര്യക്ഷമമാക്കാൻ നഗരസഭയുടെ ഗതാഗത ഉപദേശകസമിതി യോഗം ചേരാൻ ഭരണസമിതിക്ക് കഴിഞ്ഞട്ടില്ല. ടൗണിൽ തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കുണ്ടായിട്ടും പകരം സംവിധാനം ആലോചിക്കാൻ നഗരസഭയ്ക്കായിട്ടില്ല. ഔഷധി ജങ്ഷനിൽ നിർമാണം തുടങ്ങിയ സിഗ്നൽ സംവിധാനം പൂർത്തിയാക്കിയാൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനാവുമെന്നാണ് പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top