17 November Sunday

​ഗുണത്തിലും രുചിയിലും കേമനാണീ "പോസരു തോരന്‍'

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


തൃക്കാക്കര
സ്കൂൾ പാചകത്തൊഴിലാളികളുടെ ജില്ലാ പാചകമത്സരത്തിൽ ഒന്നാംസമ്മാനം മൂവാറ്റുപുഴ കാരകുന്നം ഫാത്തിമ മാത എൽപി സ്കൂളിലെ എ ജി രാജിക്ക്. സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽനിന്ന്‌ ശേഖരിച്ച 15 ഇനം ഇലകൾ ഉപയോഗിച്ച് ഒരുക്കിയ കൂട്ടുകറിയായ "പോസരു തോരന്‍' ആണ് രാജിക്ക് ഒന്നാംസ്ഥാനം നേടിക്കൊടുത്തത്. മാറുന്ന ഭക്ഷണശീലം ഉണ്ടാക്കുന്ന ദോഷങ്ങൾ മനസ്സിലാക്കാനും പഴമയെ അറിയാനുമാണ് സർക്കാർ, മേള സംഘടിപ്പിച്ചത്.

വേലിച്ചീര, ചായ മൻസ, ചീരച്ചേമ്പില, മഞ്ഞയില, വള്ളിച്ചീര, സാമ്പാർ ചീര, കുടങ്ങൽ, മുരിങ്ങയില, പയറില, പൊന്നാങ്കണ്ണി ചീര, കോവൽ ഇല, പയർ മുളപ്പിച്ചത്, ചെറുപയർ മുളപ്പിച്ചത്, കറിവേപ്പില, ആഫ്രിക്കൻ മല്ലിയില, പൊന്നാരി വീരൻ എന്നിവ ചേര്‍ത്ത് ഒരു മണിക്കൂർകൊണ്ടാണ് "പോസരു തോരന്‍' ഒരുക്കിയത്. വിഷം കലരാത്ത പച്ചക്കറികൾ ഭക്ഷണത്തി​ന്റെ ഭാഗമാക്കാനാണ് ഫാത്തിമ മാത എൽപി സ്കൂളിൽ പച്ചക്കറിക്കൃഷി തുടങ്ങിയത്. കൃഷിയിലും രാജി സജീവമാണ്. 300 കുട്ടികൾ പഠിക്കുന്ന സ്കൂളില്‍ ഉച്ചഭക്ഷണത്തിന് ആഴ്ചയില്‍ പോസരു തോരന്‍ വിളമ്പാറുണ്ട്. ഇലക്കറി ഇഷ്ടപ്പെടാത്ത കുട്ടികള്‍ക്ക് ഈ വിഭവം ചോറുമായി ചേര്‍ത്ത് പുലാവുപോലെ തയ്യാറാക്കി നൽകുന്നു. കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്ന വിഭവം ഇപ്പോൾ ഇതാണെന്ന് പ്രധാനാധ്യാപകൻ വിൻസെ​ന്റ് ജോസഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top