17 November Sunday

അലാറം ഘടിപ്പിച്ച കാമറ ശബ്ദിച്ചു: പള്ളിയിലെത്തിയ മോഷ്ടാക്കൾ ഓടി

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


പെരുമ്പാവൂർ
ബഥേൽ സുലോക്ക യാക്കോബായ സുറിയാനി കത്തീഡ്രലിൽ മോഷണത്തിനുള്ള ശ്രമം അലാറം ഘടിപ്പിച്ച സിസിടിവി കാമറ വിഫലമാക്കി. ശനി പുലർച്ചെ നാലിന് പള്ളിക്കകത്ത് കയറിയ രണ്ടുപേർ മോഷണത്തിന്‌ ശ്രമിക്കുന്നതിനിടയിലാണ് അലാറം മുഴങ്ങിയത്. ഇതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. മുഖം മറച്ചാണ് ഇവർ എത്തിയത്. ഒന്നരമാസത്തിനിടെ നാലാംതവണയാണ് മോഷ്ടാക്കൾ പള്ളിയിൽ കയറുന്നത്.

ഏതാനും ആഴ്ചകൾക്കുമുമ്പ് പള്ളിയിലെ ഒമ്പത് ഓട്ടുമണികളും മൂന്നര അടി പൊക്കമുള്ള 16,000 രൂപ വിലവരുന്ന കുരിശും ഭണ്ഡാരത്തിൽനിന്ന്‌ പണവും മോഷണം പോയിരുന്നു. ഇതേത്തുടർന്ന് പള്ളിയിൽ സിസിടിവി കാമറ സ്ഥാപിച്ചു. കമ്മിറ്റി ഭാരവാഹി പാറേലിക്കുടി സജി ജോസഫിന്റെ ഫോണിൽ അലാറം മുഴങ്ങുംവിധം കാമറയുമായി ബന്ധിപ്പിക്കുകയും ചെയ്‌തു. പള്ളിയിലും സജി ജോസഫിന്റെ മൊബൈലിലും ഒരേസമയം അലാറം മുഴങ്ങിയതോടെ മോഷ്ടാക്കൾ രക്ഷപ്പെട്ടു. 20–--ാംവാർഡ് കൗൺസിലർ ജോൺ ജേക്കബ് പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി. ഇൻസ്‌പെക്ടർ ടി എം സൂഫിയുടെ നേതൃത്വത്തിൽ തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top