17 November Sunday

കുറുവാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


കൊച്ചി
നാട്ടിൽ ഭീതിപടർത്തിയ കുറുവാ സംഘത്തിലെ രണ്ടുപേർ പൊലീസ്‌ പിടിയിൽ. തമിഴ്നാട്ടുകാരായ സന്തോഷ്‌ ശെൽവം, മണികണ്ഠൻ എന്നിവരെയാണ്‌ മണ്ണഞ്ചേരി പൊലീസ് കുണ്ടന്നൂർ തേവര പാലത്തിനുതാഴെനിന്ന്‌ പിടികൂടിയത്‌. ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ രക്ഷപ്പെട്ട സന്തോഷിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ്‌ പിടികൂടി.

കുണ്ടന്നൂർ–-തേവര പാലത്തിന് താഴെ തമ്പടിച്ചിരുന്ന മീൻപിടിത്തക്കാരായ ഇതരസംസ്ഥാനക്കാർക്കിടയിൽ കുറുവാസംഘമുണ്ടെന്ന് പൊലീസിന്‌ വിവരം ലഭിച്ചിരുന്നു. നിരീക്ഷണം തുടരുന്നതിനിടെയാണ്‌ ശനിയാഴ്ച പൊലീസ്‌ സംഘം സ്ഥലത്തെത്തിയത്‌.

രണ്ടുപേരെ അറസ്റ്റ്‌ചെയ്ത്‌ ജീപ്പിലേക്ക്‌ കയറ്റുന്നതിനിടെ കൂട്ടത്തിൽപ്പെട്ട സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം പൊലീസിനെ ആക്രമിച്ച്‌ ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തു. ഉടനെ സന്തോഷ്, കൈവിലങ്ങോടെ ചാടി രക്ഷപ്പെട്ടു. വൻ പൊലീസ്‌ സന്നാഹം മരട്, നെട്ടൂർ, തേവര ഭാഗങ്ങളിൽ തിരച്ചിൽ ആരംഭിച്ചു. അഗ്നി രക്ഷാസേനയും സ്കൂബ സംഘവും സഹായത്തിനെത്തി. നാലുമണിക്കൂർനീണ്ട തിരച്ചിലിനൊടുവിൽ സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ്‌ സന്തോഷിനെ പിടികൂടിയത്‌. ഇവരെ ചോദ്യംചെയ്യലിനായി ആലപ്പുഴയിലേക്ക്‌ കൊണ്ടുപോയി. പാലത്തിനടിയിൽ കുഴികുഴിച്ചാണ്‌ ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്‌. സന്തോഷിന്റെ ഭാര്യ ജ്യോതി, അമ്മ പൊന്നമ്മ എന്നിവർ മരട്‌ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇവരാണ്‌ സന്തോഷിന്‌ രക്ഷപെടാൻ പൊലീസ്‌ ജീപ്പിന്റെ ഡോർ തുറന്നുകൊടുത്തത്‌.

പ്രത്യേക അന്വേഷക
സംഘത്തെ നിയോഗിച്ചു
ചേന്ദമംഗലത്തെ കരിമ്പാടം, കുമാരമംഗലം എന്നിവിടങ്ങളിൽ മോഷണത്തിനെത്തിയ സംഘത്തെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘത്തെ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയാണ്‌ നിയോഗിച്ചത്‌. വീടുകളിൽ എത്തിയത് കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കാനും കവർച്ചസംഘം എവിടെയെങ്കിലും ഒളിവിൽ താമസിക്കുന്നുണ്ടോ എന്നറിയാനും ഞായറാഴ്ച ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തും.

വെള്ളി രാത്രിതന്നെ മോഷണശ്രമം നടന്ന സ്‌ഥലങ്ങളിൽ വൈഭവ് സക്സേന നേരിട്ടെത്തി വിവരങ്ങൾ ശേഖരിച്ചു. രണ്ട്‌ കേസുകൾ രജിസ്‌റ്റർ ചെയ്‌തു.
മേഖലയിൽ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കി. നിരീക്ഷണത്തിന്‌ കൂടുതൽ പൊലീസിനെ നിയോഗിച്ചു. ബസ് സ്‌റ്റാൻഡ്, റെയിൽവേ സ്റ്റേഷൻപോലുള്ള പൊതുസ്‌ഥലങ്ങളിലും നിരീക്ഷണമുണ്ടാകും.

ജാഗ്രത പാലിക്കണമെന്ന് അറിയിച്ച്‌ പൊലീസ്, വീഡിയോ പുറത്തിറക്കി. പറവൂരിന്റെ സമീപപ്രദേശങ്ങളിലും ജാഗ്രതാനിർദേശം നൽകി. അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. ചേർത്തലയിലും പരിസരപ്രദേശങ്ങളിലും മോഷണത്തിനെത്തിയ കുറുവാ സംഘത്തിന്റെ വസ്ത്രധാരണ രീതിക്ക് സമാനമാണ് പറവൂരിലെത്തിയ മോഷ്ടാക്കളുടേതും. ഇതാണ് കുറുവാ സംഘമാണെന്ന സംശയത്തിന് ഇടയാക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top