പെരുമ്പാവൂർ
പട്ടണത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക്, ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ പരിഹാരമാകും. 2016ലാണ് സംസ്ഥാന സർക്കാർ ബൈപാസിന് തുക വകയിരുത്തിയത്. മരുത് കവലയിൽനിന്ന് തുടങ്ങി എംസി റോഡ്, പിപി റോഡ് എന്നിവ കടന്ന് പാലക്കാട്ടുതാഴത്ത് അവസാനിക്കുന്ന വിധത്തിൽ നാല് കിലോമീറ്റർ ദൂരം രണ്ട് ഘട്ടങ്ങളായാണ് പദ്ധതി രൂപകൽപ്പന. ആലുവ–-മൂന്നാർ റോഡിലെ മരുതുകവലമുതൽ പഴയ എംസി റോഡുവരെയുള്ള ഒന്നാംഘട്ടത്തിൽ ഒന്നരക്കിലോമീറ്റർ ദൂരമാണുള്ളത്. പഴയ എംസി റോഡുമുതൽ പാലക്കാട്ടുതാഴംവരെയാണ് രണ്ടാംഘട്ടം. ആദ്യഘട്ടത്തിന് 134 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയിരിക്കുന്നത്.
റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള (ആർബിഡിസികെ)യ്ക്കാണ് നിർമാണച്ചുമതല. ഒന്നാംഘട്ട നിർമാണത്തിന് പെരുമ്പാവൂർ വില്ലേജിലെ 63 ഭൂ ഉടമകളിൽനിന്ന് 2.74 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് 21.63 കോടി രൂപ ചെലവഴിച്ചു. മരുത് കവലമുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടിവരെയുള്ള മേഖലയിലാണ് ഇപ്പോൾ നിർമാണപ്രവർത്തനം നടക്കുന്നത്. ഒന്നാംഘട്ട നിർമാണത്തിന് 25.04 കോടി രൂപയ്ക്കാണ് നിർമാണക്കരാർ ഒപ്പുവച്ചിട്ടുള്ളത്. ഒന്നാംഘട്ടം 1.03 കിലോമീറ്റർ നീളവും 25 മീറ്റർ വീതിയിലുമാണ് നിർമിക്കുന്നത്.18 മീറ്റർ ടാറിങ്ങില്‍ നാലുവരിയാണ് പാത. ഫുട്പാത്തും ഓവുചാല്‍ സൗകര്യവും നൽകിയിട്ടുണ്ട്. രണ്ടാംഘട്ടത്തിനായി 170.53 കോടി രൂപ പദ്ധതി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമാണ്. പെരുമ്പാവൂർ, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളിലാണ് പദ്ധതിക്ക് ആവശ്യമായ സ്ഥലം ഏറ്റെടുക്കേണ്ടിവരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..