കൊച്ചി
അനുവദനീയമായതിനേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റിയ ബോട്ട് എറണാകുളം മറൈൻഡ്രൈവിൽനിന്ന് തീരദേശ പൊലീസ് കസ്‌റ്റഡിയിലെടുത്തു. ബോട്ടുടമയെയും ജീവനക്കാരെയും സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബോട്ട് സെൻട്രൽ പൊലീസിന് കൈമാറി.
‘മിനാർ’ ബോട്ടാണ് കസ്‌റ്റഡിയിലെടുത്തത്. ബോട്ടിന്റെ സ്രാങ്ക് അരൂക്കുറ്റി വടുതല ജെട്ടി ബിസ്‌മി മൻസിലിൽ ഷംസു (58), ജീവനക്കാരൻ മുളവുകാട് പള്ളിപ്പറമ്പിൽ ആന്റണി ഗോൺസാൽവസ് (68) എന്നിവരാണ് അറസ്‌റ്റിലായത്. താഴെയും മുകളിലുമായി 196 പേരെ ബോട്ടിൽ കയറ്റിയതായി കണ്ടെത്തി. 146 പേരെയാണ് പരമാവധി കയറ്റാനാകുക. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു യാത്രയെന്ന് ഫോർട്ട് കൊച്ചി കോസ്‌റ്റൽ പൊലീസ് വ്യക്തമാക്കി.
രണ്ട് മീൻപിടിത്ത ബോട്ടുകളും ബുധനാഴ്‌ച കസ്‌റ്റഡിയിലെടുത്തു. പെർമിറ്റ് കാലാവധിക്കുശേഷവും മീൻപിടിത്തം നടത്തിയതിന്റെ അടിസ്ഥാനത്തിലാണിത്. താനൂർ ബോട്ടുദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിനോദ–-യാത്ര ബോട്ടുകളിൽ കോസ്‌റ്റൽ പൊലീസ് പരിശോധന തുടരുകയാണ്. ഞായറാഴ്‌ച രണ്ട് ബോട്ടുകൾ പിടിച്ചിരുന്നു. നാല് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..