19 December Thursday

മഴ കനത്തു; കുളമായി ദേശീയപാത

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


പറവൂർ
ശക്തമായി പെയ്യുന്ന മഴയിൽ നിലവിലെ ദേശീയപാത 66 തകർന്നുതരിപ്പണമായി. ഏറെ വാഹനത്തിരക്കുള്ള പറവൂർമുതൽ മൂത്തകുന്നംവരെ പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു. ആഴമേറിയ കുഴികളും വെള്ളക്കെട്ടും സഞ്ചാരം ദുഷ്‌കരമാക്കി.കണ്ണൻകുളങ്ങര, പറവൂർ പാലം, മുനമ്പം കവല, ആലുംമാവ്, ലേബർ കവല തുടങ്ങിയ സ്ഥലങ്ങളിലെ കുഴികളിൽ ചാടി വാഹനങ്ങൾ കടന്നുപോകുന്നത് ഏറെ സമയമെടുത്താണ്‌. മുനമ്പം കവലയിൽ റോഡ് പൂർണമായി തകർന്നു. കണ്ണൻകുളങ്ങരയിൽ കൊടുംവളവിലാണ് കുഴികൾ. നിരവധി ബസുകളും കണ്ടെയ്‌നർ ലോറികളും കടന്നുപോകുന്ന ദേശീയപാതയിലെ കുഴികൾ മൂടാത്തത്‌ അപകടങ്ങൾക്ക്‌ വഴിയൊരുക്കും. കുഴിയിൽ ചാടിയ ബസിന്റെ തുറന്ന വാതിലിൽക്കൂടി യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണ സംഭവമുണ്ടായി.

കുഴികളിൽ പതിച്ച്‌ ഇരുചക്രവാഹനങ്ങൾ മറിയുന്നതും പതിവായി. രാത്രി ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന മറ്റു ജില്ലകളിൽനിന്നുള്ള, വഴി പരിചയമില്ലാത്ത യാത്രക്കാരും അപകടത്തിൽപ്പെടുന്നതും തുടരുകയാണ്‌. പുതിയ ദേശീയപാത 66ന്റെ നിർമാണം നടക്കുന്നതിനാൽ പഴയ പാതയുടെ അറ്റകുറ്റപ്പണി നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ചേർന്ന ദേശീയപാത നിർമാണ അവലോകനയോഗത്തിൽ നിലവിലെ ദേശീയപാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാൻ ദേശീയപാത അതോറിറ്റി അധികൃതർ തയ്യാറാകണമെന്നും അടിയന്തരമായി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top