27 December Friday

ആനവണ്ടി യാത്രപോലെ 
പ്രൊമോഷൻ ഗാനവും ഹിറ്റ്

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കൂത്താട്ടുകുളം
ആനവണ്ടി വിനോദയാത്രകളുടെ രസം നുകർന്ന് ആരാധകർ പുറത്തിറക്കിയ പ്രൊമോഷൻ ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് കൂത്താട്ടുകുളം കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. യാത്രക്കാരും ജീവനക്കാരുമാണ് ഗാനത്തിനുപിന്നിൽ. യാത്രയോട് ഇഷ്ടംമൂത്ത് സുജിത വിനോദ് എഴുതിയ വരികൾക്ക് സുനിൽ പ്രയാഗ് സംഗീതമൊരുക്കി. തമ്മാനിമറ്റം സ്വദേശികളായ സൈമൺ പുതുമനയും ജോമോൻ മഠമ്മലമുകളുമാണ്‌ നിർമിച്ചത്‌. സിനിമ പിന്നണിഗായകരായ ജിൻസ് ഗോപിനാഥ്, ഫെമി ഷാജി എന്നിവരാണ് ഗായകർ, ടൂറിസം സെൽ കോ–-ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യാത്രയ്‌ക്കിടെ കെഎസ്ആർടിസി ബസിനുള്ളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലുമാണ്‌ വീഡിയോ ചിത്രീകരിച്ചത്‌.

യൂട്യൂബിലും സമൂഹമാധ്യമങ്ങളിലുമായി ആയിരങ്ങൾ വീഡിയോ കണ്ടു. 2022 മുതലാണ് കൂത്താട്ടുകുളത്തുനിന്ന്‌ ബജറ്റ് യാത്ര ആരംഭിച്ചത്‌. സുരക്ഷിതയാത്രയിൽ വിശ്വാസമർപ്പിച്ച് നിരവധി കുടുംബങ്ങളാണ് ‘ആനവണ്ടിയാത്ര’ തെരഞ്ഞെടുക്കുന്നത്.

4200 പേർ ഇതുവരെ യാത്ര ചെയ്തു. റസിഡന്റ്സ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്ഥാപനങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിവയെല്ലാം ഉല്ലാസ പാക്കേജുകളിൽ പങ്കുചേരുന്നു. 75 ലക്ഷം രൂപയോളം ഒരുവർഷത്തിനിടെ ഇതുവഴി ലഭിച്ചു. ഗവി, മൺറോതുരുത്ത്, ചതുരംഗപ്പാറ, മലക്കപ്പാറ, പരുന്തുംപാറ, അഞ്ചുരുളി, മൂന്നാർ, വട്ടവട, വയനാട് ബസ് യാത്രകളും കപ്പൽയാത്രയും സംഘടിപ്പിച്ചു. യൂട്യൂബിലെ വീഡിയോയുടെ ലിങ്ക്: https://youtu.be/HXtUiM6iCeA?si=AWeaztyTSiHVYL7T


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top