18 October Friday

സ്വർണവ്യാപാരികൾ ചമഞ്ഞ്‌ 1.86 കോടിയുടെ 
സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


തിരുവനന്തപുരം
സ്വർണ വ്യാപാരികൾ ചമഞ്ഞ്‌ തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറിയിൽ വ്യാജ ചെക്ക്‌ നൽകി 1.86 കോടിയുടെ സ്വർണം തട്ടിയ ദമ്പതികൾ പിടിയിൽ. തൃപ്പൂണിത്തുറ സ്വദേശി ശർമിള (42), രാജീവ്‌ (46)  എന്നിവരെയാണ്‌ വഞ്ചിയൂർ പൊലീസ്‌ തമിഴ്‌നാട്‌ കുംഭകോണത്തുനിന്ന്‌ അറസ്റ്റുചെയ്‌തത്‌.

സെപ്‌തംബർ 17നാണ്‌ സംഭവം. രാജീവ്‌ സ്വർണ വ്യാപാരം ആരംഭിക്കുകയാണെന്നും ആഭരണങ്ങൾ വേണമെന്നും ആവശ്യപ്പെട്ടാണ്‌ പ്രതികൾ ജ്വല്ലറിയിലെത്തിയത്‌. ജ്വല്ലറി ഉടമയുടെ സുഹൃത്ത്‌ മുഖേനയാണ്‌ ഇവർ ആഭരണങ്ങൾ വാങ്ങാനെത്തിയത്‌. നേരത്തേ 17 ലക്ഷം രൂപയുടെ സ്വർണാഭരണം ഇവർ ഇവിടെ നിന്ന്‌ വാങ്ങിയിരുന്നു. ഇതിന്റെ പണം നൽകി. ഈ വിശ്വാസ്യത ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ ഫോണിൽ വാങ്ങി തെരഞ്ഞെടുത്ത ശേഷമായിരുന്നു ഇരുവരും കടയിലെത്തിയത്‌. 2407 ഗ്രാം സ്വർണമാണ്‌ ഇവർ വാങ്ങിയത്‌.

ആഭരണങ്ങൾ വാങ്ങിയശേഷം ചെക്ക്‌ നൽകി. രണ്ടാഴ്‌ചയ്‌ക്കു ശേഷം അക്കൗണ്ടിൽ പണമെത്തും എന്നായിരുന്നു ഇവർ ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചത്‌. ഇതുപ്രകാരം ബാങ്കിൽ നൽകിയ ചെക്ക്‌ മടങ്ങിയതോടെയാണ്‌ തട്ടിപ്പ്‌ പുറത്തായത്‌. ഇവർ നൽകിയ ഫോൺ നമ്പരിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന്‌ ജ്വല്ലറിയുടമ  പരാതി നൽകി. ഒളിവിൽ പോയ പ്രതികളെ വഞ്ചിയൂർ സിഐ ഷാനിഫിന്റെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘം കുംഭകോണത്തെത്തിയാണ്‌ കസ്റ്റഡിയിലെടുത്തത്‌.
സ്വർണക്കടത്ത്‌ സംഘത്തിലെ കണ്ണികളാണ്‌ ഇരുവരുമെന്നാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top