19 December Thursday

കുസാറ്റ് എസ്എംഎസ് @ 60

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കളമശേരി
രാജ്യത്തെ ആദ്യകാല മാനേജ്മെന്റ്‌ പഠനകേന്ദ്രങ്ങളിലൊന്നായ കുസാറ്റ്‌ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (എസ്എംഎസ്) 60–--ാം പിറന്നാൾ ആഘോഷിക്കുന്നു. വജ്രജൂബിലി ആഘോഷം ശനി പകൽ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
1964ൽ പ്രൊഫ. എം വി പൈലി സ്ഥാപക ഡയറക്ടറായി കേരള സർവകലാശാലയുടെ കൊച്ചി ക്യാമ്പസിലാണ് പ്രവർത്തനം തുടങ്ങിയത്. മൂന്നുവർഷ പാർട്ട്ടൈം ഇൻഡസ്ട്രിയൽ മാനേജ്മെന്റ് ഡിപ്ലോമ, പാർട്ട്ടൈം ബിസിനസ് അഡ്മിനിസ്ട്രേഷൻ ഡിപ്ലോമ എന്നിവയായിരുന്നു ആദ്യകാല കോഴ്സുകൾ.

1971ൽ എസ്എംഎസ് കുസാറ്റിന്റെ ഭാഗമായി. പിന്നീടാണ് പാർട്ട്‌ടൈം, ഫുൾടൈം എംബിഎ പ്രോഗ്രാമുകൾ ആരംഭിച്ചത്. 1975ൽ മാനേജ്മെന്റിലെയും അനുബന്ധ മേഖലകളിലെയും പിഎച്ച്ഡി പ്രോഗ്രാം ആരംഭിച്ചു. ഫ്രാൻസിലെ മോണ്ട്പെല്ലിയർ സർവകലാശാലപോലുള്ള സ്ഥാപനങ്ങളുമായി അന്താരാഷ്ട്ര സഹകരണത്തിന് തുടക്കമിട്ടു. നിലവിൽ എസ്എംഎസിൽ എംബിഎ, പിഎച്ച്ഡി, എക്സിക്യൂട്ടീവ് എംബിഎ എന്നിവയിലായി 500 വിദ്യാർഥികളും നൂറിലേറെ ഗവേഷകരുമുണ്ട്. ഇതിൽ പത്ത്‌ വിദേശ ഗവേഷകരും അഞ്ച് വിദേശ വിദ്യാർഥികളും ഉൾപ്പെടും.

എസ്എംഎസിലെ പൂർവവിദ്യാർഥികൾ രാജ്യത്തും വിദേശത്തുമായി വിവിധ സ്ഥാപനമേധാവികളായി പ്രവർത്തിക്കുന്നുണ്ട്. മുൻനിര കമ്പനികൾ എസ്എംഎസ് ബിരുദധാരികളെ ഉയർന്ന വാർഷികശമ്പളമായ (സിടിസി) 21 ലക്ഷം രൂപയും ശരാശരി സിടിസി 9.5 ലക്ഷം രൂപയും നൽകി നിയമനങ്ങൾ നടത്തിയതോടെ എസ്എംഎസ് റെക്കോഡ് പ്ലേസ്‌മെന്റ്‌ നിരക്ക് കൈവരിച്ചു. എൻഐആർഎഫ് റാങ്കിങ്ങിൽ ഇന്ത്യയിലെ 3000 മാനേജ്മെന്റ് സ്കൂളുകളിൽ 81–--ാംസ്ഥാനത്താണ് എസ്എംഎസ്.
വാർത്താസമ്മേളനത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷ്റി, രജിസ്ട്രാർ ഡോ. എ യു അരുൺ, ഐക്യുഎസി ഡയറക്ടർ ഡോ. സാം തോമസ്, എസ്എംഎസ് ഡയറക്ടർ ഡോ. കെ എ സക്കറിയ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top