മൂവാറ്റുപുഴ
മൂവാറ്റുപുഴ -ബൈപാസ് നിർമാണത്തിന് ഭരണാനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് നേതാക്കൾ മന്ത്രി പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ, പി എം ഇസ്മയിൽ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുന്നതാണ് മൂവാറ്റുപുഴ–--തേനി റോഡും പുനലൂർ-–-മൂവാറ്റുപുഴ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന നിർദിഷ്ട ബൈപാസ്. 2011 ജൂൺ 10ന് അഞ്ചു കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി പൊതുമരാമത്തുവകുപ്പ് ചീഫ് എൻജിനിയർ കത്ത് നൽകിയിരുന്നു. അലൈൻമെന്റിനെതിരെ മൂവാറ്റുപുഴ നിർമല കോളേജ് മാനേജ്‌മെന്റ് ആക്ഷേപം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചു. അതുകൊണ്ട് തുടർനടപടി സ്വീകരിക്കാനായില്ല. അലൈൻമെന്റിൽ മാറ്റംവരുത്താൻ പൊതുമരാമത്തുവകുപ്പ് തയ്യാറാണെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് പരാതി അവസാനിപ്പിച്ച് 2016 ജനുവരി ഒന്നിന് കോടതി ഉത്തരവിട്ടു.
ഇതേത്തുടർന്ന് മറ്റൊരു അലൈൻമെന്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ച് 2019ൽ അംഗീകാരം ലഭിച്ചു. എന്നാൽ, ഭരണാനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് എൽഡിഎഫ് നേതാക്കൾ മന്ത്രിക്ക് നിവേദനം നൽകിയത്. ഇതേ ആവശ്യമുന്നയിച്ച് മൂവാറ്റുപുഴ ഡെവലപ്മെന്റ് സൊസൈറ്റി ഭാരവാഹികളും നിവേദനം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..