18 December Wednesday

കണ്ണീർ തോരാതെ നാട്‌...
എൽദോസിന് വിട

ജോഷി അറയ്ക്കൽUpdated: Wednesday Dec 18, 2024


കോതമംഗലം
ഉരുളൻതണ്ണിയിൽ  കാട്ടാനയുടെ കുത്തേറ്റ്‌ ഒരാൾ മരിച്ചെന്ന വാർത്ത നാടാകെ പടർന്നപ്പോഴും അത്‌ എൽദോസായിരിക്കുമെന്ന്‌ സഹോദരി ലീലാമ്മ ഒരിക്കലും പ്രതീക്ഷിച്ചില്ല. രാത്രി വൈകിയാണെങ്കിലും അവൻ വീടണയുമെന്ന്‌ ഉറപ്പായിരുന്നു. കൊല്ലപ്പെട്ടത്‌ സഹോദരനാണെന്ന്‌ അറിഞ്ഞിട്ടും അത്‌ വിശ്വസിക്കാനായില്ലെന്ന്‌ കണ്ണീരോടെ അവർ പറഞ്ഞു.

തിങ്കളാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ഉരുളൻതണ്ണി ക്‌ണാച്ചേരി കോടിയാട്ട് എൽദോസ് വർഗീസിന്റെ (45) സംസ്കാരം ചേലാട്ടിൽ നടന്നു.
ക്‌ണാച്ചേരിയിലെ വീട്ടിലെ ശുശ്രൂഷകൾക്കുശേഷം ഉരുളൻതണ്ണി മാർത്തോമ പള്ളിയിലെത്തിച്ച് പ്രാർഥനകൾ നടത്തി തുടർന്ന് ചേലാട്  കുറുമറ്റം മാർത്തോമ സെമിത്തേരിയിലായിരുന്നു സംസ്കാരം. ചൊവ്വ രാവിലെ എറണാകുളം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി പകൽ 1.30ന് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ മൃതദേഹം വീട്ടിലെത്തിച്ചു. എറണാകുളത്തെ സെക്യൂരിറ്റി ഏജൻസിയിൽ ജോലി ചെയ്തിരുന്ന എൽദോസ് ക്രിസ്മസ് ആഘോഷിക്കാൻ അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു. ബസിറങ്ങി വീട്ടിലേക്ക്‌ നടക്കുമ്പോഴാണ്‌ ആന ജീവനെടുത്തത്‌. വീട്ടുകാരെപ്പോലും അറിയിക്കാതെ, നക്ഷത്രവും ക്രിസ്മസ് സമ്മാനങ്ങളുമായി രാത്രി 8.15നാണ്‌ എൽദോസ്‌ ഉരുളൻതണ്ണിയിൽ ബസിറങ്ങിയത്‌. വീട്ടിലേക്ക് നടന്നുനീങ്ങവേ, ഇരുളിന്റെ മറവിൽനിന്ന കാട്ടാന എൽദോസിനെ കൊലപ്പെടുത്തുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top