ഉദയംപേരൂർ
ഉദയംപേരൂർ ഗവ. വിജെബി സ്കൂളിൽ നിർമിച്ച അന്തർദേശീയ നിലവാരത്തിലുള്ള പുതിയ കെട്ടിടം വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്യും. പകൽ രണ്ടിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പുതിയമന്ദിരം നാടിന് സമർപ്പിക്കും. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് ശതാബ്ദി പിന്നിട്ട സ്കൂളിന് എംഎൽഎയായിരുന്ന എം സ്വരാജിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒരുകോടി രൂപ ഉപയോഗിച്ചാണ് പുതിയ മന്ദിരം നിർമിച്ചത്.
1907ൽ പ്രവർത്തനമാരംഭിച്ച സ്കൂളിൽ ആദ്യകാലത്ത് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണുണ്ടായിരുന്നത്. പിന്നീട് ഒന്നുമുതൽ നാലുവരെ ക്ലാസുകളിലേക്ക് പ്രവർത്തനം മാറി. ഒരുഘട്ടത്തിൽ വിദ്യാർഥികളുടെ ആധിക്യംമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റത്തോടെ കുട്ടികൾ കുറഞ്ഞു. 2010നുശേഷമാണ് വീണ്ടും മികച്ച നിലയിലേക്ക് എത്തിയത്. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂൾ മികച്ച നേട്ടമുണ്ടാക്കി. നിലവിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസുവരെ പ്രവർത്തിക്കുന്ന സ്കൂളിൽ 196 കുട്ടികളാണ് പഠിക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിൽ മികച്ച നേട്ടം കൈവരിച്ച സ്കൂൾ ഉപജില്ലയിലെ ലീഡിങ് പ്രീ പ്രൈമറി വിഭാഗമാണ്. സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന വർണകൂടാരം പൂർത്തിയാകുന്നതോടെ സ്കൂളിലെ പ്രീ പ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക്കുയരും.
ഉദയംപേരൂർ ഐഒസി ബോട്ട്‌ലിങ് പ്ലാന്റ് നിർമിച്ച ആധുനിക അടുക്കളയും മെസ്ഹാളും കുട്ടികൾക്ക് ശുചിത്വ ഭക്ഷണം ഉറപ്പാക്കുന്നു. തീരദേശ മേഖലയിൽനിന്നും ഇടത്തരം പിന്നാക്ക കുടുംബങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലെ പഠന പാഠ്യേതര പ്രവർത്തനങ്ങളുടെ വിജയത്തിന് രക്ഷാകർതൃ സംഘടനയുടെയും നാട്ടുകാരുടെയും നിറഞ്ഞ പിന്തുണയുണ്ട്. നാടിന്റെ വിദ്യാലയത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ആഘോഷമാക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..