18 November Monday

കളമശേരിയിൽ ഡെങ്കി പ്രതിരോധം പാളി; 
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കളമശേരി
സംസ്ഥാനത്ത്‌ ഏറ്റവും അധികം ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടും കളമശേരി നഗരസഭ പ്രതിരോധനടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ കൗൺസിൽ യോഗത്തിൽ നടുത്തളത്തിലിറങ്ങി. വ്യാഴാഴ്ച നടന്ന കൗൺസിലിൽ ഡെങ്കി പ്രതിരോധം  അജൻഡയായി ഉൾപ്പെടുത്തിയിരുന്നില്ല. യോഗം തുടങ്ങിയപ്പോൾത്തന്നെ പ്രതിപക്ഷനേതാവ് കെ കെ ശശി വിഷയം ഉന്നയിച്ചു. നഗരസഭാ പ്രദേശത്ത് മിക്ക വാർഡുകളിലും രോഗികളുണ്ട്. മെഡിക്കൽ ഓഫീസറുടെ കണക്കനുസരിച്ച് നിലവിൽ 130 പേരാണ് ചികിത്സയിലുള്ളത്. എന്നാൽ, കൂടുതൽപേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്ന് കൗൺസിലർമാർ പറഞ്ഞു.


കഴിഞ്ഞ അഞ്ചിന്‌ ചേർന്ന ആരോഗ്യ സ്ഥിരംസമിതിയുടെ അടിയന്തരയോഗം നഗരസഭയെ ക്ലസ്റ്ററുകളായി തിരിച്ച് ഫോഗിങ് നടത്താൻ താൽക്കാലിക ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ല. അതേസമയം, കൗൺസിൽ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ആഡംബരക്കപ്പലിൽ ഉല്ലാസയാത്ര ഒരുക്കാനുള്ള ശ്രമത്തിലായിരുന്നു ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ എ കെ നിഷാദ്. ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന സ്ഥിരംസമിതി അധ്യക്ഷൻ രാജിവയ്‌ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ് ടി എ അസൈനാർ, കെ ടി മനോജ്, പി എസ് ബിജു തുടങ്ങിയവർ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി. അധ്യക്ഷയായിരുന്ന ചെയർപേഴ്‌സൺ സീമ കണ്ണൻ ഇതിനിടെ ഇറങ്ങിപ്പോയി. സഭയിൽ ഭരണവിഭാഗത്തിന് ഭൂരിപക്ഷമില്ലാതിരുന്നതിനാൽ അംഗങ്ങളെ യോഗത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സഭ പിരിയാൻനേരം എത്തിയവർ ഒപ്പിടുന്നത് പ്രതിപക്ഷം തടഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top