05 November Tuesday

മാലിന്യസംസ്കരണ സംവിധാനമില്ല: 
അക്വാസിറ്റിക്ക് മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


കരുമാല്ലൂർ
മാലിന്യപ്രശ്നം രൂക്ഷമായതിനെ തുടർന്ന് കരുമാല്ലൂർ പഞ്ചായത്ത് ഏഴാംവാർഡിലെ അക്വാസിറ്റി പാർപ്പിടസമുച്ചയതിനെതിരെ മലിനീകരണ നിയന്ത്രണബോർഡ് നടപടിക്ക്‌. മാലിന്യം പുറന്തള്ളുന്നതിലെ പ്രശ്‌നങ്ങൾ 15 ദിവസത്തിനകം പരിഹരിച്ചില്ലെങ്കിൽ ഇവിടേക്കുള്ള വൈദ്യുതിയും വെള്ളവും ഉൾപ്പെടെ നിർത്തലാക്കുമെന്ന് ബോർഡ് കത്ത് നൽകി.

ആറു ടവറുകളിലായി ആയിരത്തോളം മുറികളുള്ള പാർപ്പിടസമുച്ചയമാണ് അക്വാസിറ്റി. എന്നാൽ, മാലിന്യസംസ്കരണത്തിനായുള്ള പ്ലാന്റടക്കം പ്രവർത്തിക്കുന്നില്ലെന്ന് ബോർഡിന്റെ പരിശോധനയിൽ കണ്ടെത്തി. നിയമപ്രകാരമുള്ള സംവിധാനമൊരുക്കിയിട്ടല്ല ഫ്ലാറ്റുകൾ കൈമാറിയത്‌. മഴക്കാലത്ത് ശുചിമുറിമാലിന്യം ഉൾപ്പെടെ പറമ്പിലേക്ക് മോട്ടോർ ഉപയോഗിച്ച് ഒഴുക്കിവിടുന്നു. ഇത് തൊട്ടടുത്തുള്ള തോട്ടിലേക്ക്‌ എത്തുന്നതായും കണ്ടെത്തി. ഇത്‌ കുടിവെള്ളം മലിനമാക്കും. പരിസരവാസികളുടെയടക്കം ആരോഗ്യത്തെ ബാധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും നിർമാണാവശിഷ്ടങ്ങളും കക്കൂസ്‌മാലിന്യം ഉൾപ്പെടെയുള്ളവയും അടിയന്തരമായി നീക്കണമെന്നും മാലിന്യസംസ്‌കരണ പ്ലാന്റ്‌ സജ്ജമാക്കണമെന്നും കത്തിൽ പറയുന്നു.

വ്യാഴം രാവിലെയും തോട്ടിലൂടെ കക്കൂസ്‌മാലിന്യം ഒഴുകിയെത്തി അസഹ്യമായ ദുർഗന്ധമുണ്ടായി. തുടർന്ന് ഇവിടെ ആരോഗ്യവിഭാഗം പരിശോധന നടത്തി. മാലിന്യം ഒഴുക്കിവിട്ടാൽ അക്വാസിറ്റിക്കുമുന്നിൽ വെള്ളി രാവിലെ സമരം നടത്തുമെന്ന് നാട്ടുകാർ പറഞ്ഞു. മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും ഇല്ലെങ്കിൽ കർശന നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീലത ലാലു, വൈസ് പ്രസിഡന്റ്‌ ജോർജ് മേനാച്ചേരി എന്നിവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top