അങ്കമാലി
നായത്തോട് സൗത്ത് ജങ്ഷനിൽ ഗോൾഡൻ ഹോളിഡേയ്സ് ട്രാവൽസ് നടത്തിപ്പുകാരനായ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. രാത്രികാലങ്ങളിൽ പ്രദേശത്തെ വീടുകളിൽ മോഷണവും സ്ത്രീകളെ ശല്യംചെയ്യുന്നതും പതിവാണ്. ഒരുമാസംമുമ്പാണ് സെന്റ് ജോൺസ് ചാപ്പൽ പരിസരത്തെ മൂന്ന് വീടുകളിൽ അർധരാത്രിയിൽ സ്ത്രീകളെ ശല്യംചെയ്തതും സ്വർണാഭരണം നഷ്ടപ്പെട്ടതും. തുടർന്ന് പ്രദേശത്തെ ഒരു നിരീക്ഷണ കാമറ തല്ലിത്തകർക്കുകയും ചെയ്തിരുന്നു. രണ്ടുദിവസംമുമ്പ് രാത്രിയിൽ ലേഡീസ് ഹോസ്റ്റലിൽ പെൺകുട്ടികളെ ശല്യംചെയ്യാൻ ട്രാവൽസ് നടത്തിപ്പുകാരനായ വ്യക്തി ചെല്ലുന്ന ദൃശ്യവും കാമറയിൽ വ്യക്തമാണ്. ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ഇയാളെ അറസ്റ്റ് ചെയ്ത് നാടിന്റെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നായത്തോട് സൗത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചത്.
ഏരിയ പ്രസിഡന്റ് വിനിത ദിലീപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗൺസിലർ രജിനി ശിവദാസൻ അധ്യക്ഷയായി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, ഗ്രേസി ദേവസി, ലേഖ മധു, സതി ഗോപാലൻ, ജിഷിത മനോജ്, ടി വൈ ഏല്യാസ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..