24 November Sunday

എച്ച്എംടിയിൽ ഇന്ന്‌ 
കേന്ദ്രമന്ത്രി എത്തും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


കളമശേരി
കേന്ദ്ര ഉരുക്ക്–-ഘന വ്യവസായമന്ത്രി എച്ച് ഡി കുമാരസ്വാമി തിങ്കൾ പകൽ ഒന്നിന് എച്ച്എംടി കളമശേരി യൂണിറ്റ്‌ സന്ദർശിക്കും. ഗുരുവായൂരിലേക്കുള്ള സ്വകാര്യസന്ദർശനത്തിനുശേഷമാണ് കമ്പനിയിലെത്തുക.

ഘന വ്യവസായവകുപ്പിനുകീഴിലെ പ്രധാന വൻകിട വ്യവസായമാണ് ബംഗളൂരു ആസ്ഥാനമായുള്ള എച്ച്എംടി മെഷീൻ ടൂൾസ് ലിമിറ്റഡ്. പാലക്കാടുള്ള ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ് ആണ് കേരളത്തിലുള്ള മറ്റൊരു യൂണിറ്റ്. ചുമതല ഏറ്റെടുത്ത ഉടൻ എച്ച്എംടി മെഷീൻ ടൂൾസിനെ പുനരുദ്ധരിക്കുമെന്ന്‌ കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. നിർദേശങ്ങൾ സമർപ്പിക്കാൻ ടെൻഡർ ക്ഷണിക്കുകയും ചെയ്തു.  എന്നാൽ, ബജറ്റിൽ കമ്പനിയെക്കുറിച്ച് പരാമർശമുണ്ടായില്ല.എച്ച്എംടി കമ്പനികളിൽ തുടർച്ചയായി ലാഭത്തിലുള്ള ഏക യൂണിറ്റാണ് കളമശേരിയിലേത്. ജീവനക്കാരുടെയും പ്രവർത്തന മൂലധനത്തിന്റെയും കുറവ് കളമശേരി യൂണിറ്റിനെ പ്രതിസന്ധിയിലാക്കുന്നു. 125 സ്ഥിരംജീവനക്കാരും 300 കരാർ ജീവനക്കാരും മാത്രമാണുള്ളത്.
 

സന്ദർശനം 
മൂന്നുപതിറ്റാണ്ടിനുശേഷം
എച്ച്എംടി കളമശേരി യൂണിറ്റിലേക്ക് മൂന്നുപതിറ്റാണ്ടോളമായി ഒരു വകുപ്പുമന്ത്രി തിരിഞ്ഞുനോക്കിയിട്ടെന്ന് ജീവനക്കാർ പറഞ്ഞു. നരസിംഹറാവു മന്ത്രിസഭയിൽ കെ കരുണാകരൻ വ്യവസായമന്ത്രിയായിരിക്കെ 1995ലാണ് കമ്പനി സന്ദർശിച്ചത്. കരുണാകരനുശേഷം ദക്ഷിണേന്ത്യയിൽനിന്നുള്ള ആദ്യ ഘന വ്യവസായ മന്ത്രിയാണ്‌ കുമാരസ്വാമി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top