22 November Friday

നാടകനടൻ കലാനിലയം പീറ്റർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024

പള്ളുരുത്തി
ആദ്യകാല നാടകനടൻ കലാനിലയം പീറ്റർ (84) അന്തരിച്ചു. ഇടക്കൊച്ചി പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. അമ്പതിലേറെ അമച്വർ നാടകങ്ങളിലും നൂറോളം പ്രൊഫഷണൽ നാടകങ്ങളിലും ശ്രദ്ധേയവേഷങ്ങൾ ചെയ്‌തിട്ടുണ്ട്‌. നൂറ്റമ്പതിലേറെ റേഡിയോ നാടകങ്ങൾക്കും ശബ്ദംനൽകി.  സംസ്ഥാന സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ്‌ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടി. സംസ്‌കാരം ഇടക്കൊച്ചി സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയിൽ നടത്തി.


‘സ്നാപക യോഹന്നാൻ '  നാടകത്തിൽ സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അഭിനയരംഗത്തെ അരങ്ങേറ്റം. തുടർന്ന്‌ അമച്വർ നാടകങ്ങളിലും വേഷമിട്ടു. പ്രശസ്‌ത നാടകസമിതിയായ കലാനിലയത്തിൽ അനൗൺസറായി ചേർന്ന പീറ്റർ, പിന്നീട്‌ സമിതി അവതരിപ്പിച്ച കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ദേവദാസി, ഇന്ദുലേഖ  തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ച്‌ ശ്രദ്ധേയനായി. ഇന്ദുലേഖ  നാടകം പിന്നീട് സിനിമയാക്കിയപ്പോൾ അതിന്റെ അസോസിയറ്റ് ഡയറക്ടറും പ്രൊഡക്‌ഷൻ കൺട്രോളറുമായും പ്രവർത്തിച്ചു.

1979 മുതൽ ആകാശവാണി നാടകങ്ങളുടെയും ഭാഗമായി. കൊച്ചി കോർപറേഷൻ സംഘടിപ്പിച്ച അഖില കേരള നാടക മത്സരത്തിൽ അഭിനയത്തിനും സംവിധാനത്തിനും പുരസ്കാരം നേടി. ‘അരുതേ ആരോടും പറയരുത് 'എന്ന നാടകത്തിലെ അഭിനയത്തിന്  നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 2016ലാണ്‌ ഗുരുപൂജ അവാർഡ് നേടിയത്‌. ഭാര്യ: അമ്മിണി. മക്കൾ: ഡെൽവിൻ പീറ്റർ, ഡെൽന രാജു, ഡെന്നി പീറ്റർ. മരുമക്കൾ: ഷൈനി ഡെൽവിൻ, ജോസഫ് രാജു, രാജി ഡെന്നി.


നാടിന്റെ അന്ത്യാഞ്ജലി
കലാനിലയം പീറ്ററിന് സംഗീത, നാടക, കലാ സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖർ അന്തിമോപചാരം അർപ്പിച്ചു. നാടകപ്രവർത്തനത്തിൽ 60 വർഷത്തെ പാരമ്പര്യമുള്ള പീറ്റർ  ‘സ്നാപക യോഹന്നാൻ' നാടകത്തിൽ സ്ത്രീ കഥാപാത്രമായ ഹെറോദൃ രാജ്ഞിയായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. അമ്പതിലേറെ അമേച്വർ നാടകങ്ങളിൽ കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1962ൽ കേരളത്തിലെ ഏറ്റവും വലിയ നാടകസമിതിയായ കലാനിലയത്തിൽ അനൗൺസറായി.
കെ ജെ മാക്സി എംഎൽഎ, കെ എം  ധർമൻ, ജോൺ ഫെർണാണ്ടസ്,  പി എ പീറ്റർ,  ഇടക്കൊച്ചി സലിംകുമാർ, വിജയൻ മാവുങ്കൽ, പീറ്റർ ജോസ്, നിക്സൺ സൂര്യ, ലെനിൻ ഇടക്കൊച്ചി, ജോസ് പൊന്നൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top