23 December Monday
കടത്തിയത്‌ സോപ്പുപെട്ടികളിൽ

20 ലക്ഷത്തിന്റെ ഹെറോയിനുമായി മൂന്ന് അസംകാർ പിടിയിൽ

സ്വന്തം ലേഖകൻUpdated: Thursday Sep 19, 2024

കാലടി
സോപ്പുപെട്ടികളിൽ ഒളിപ്പിച്ചുകടത്തിയ 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഹെറോയിനുമായി മൂന്നുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അസം നൗഗാവ് സ്വദേശികളായ ഗുൽദാർ ഹുസൈൻ (32), അബു ഹനീഫ് (28), മുജാക്കിർ ഹുസൈൻ (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും കാലടി പൊലീസുംചേർന്ന് പിടികൂടിയത്.


അസമിൽനിന്ന്‌ ഹെറോയിനുമായി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി അവിടെനിന്ന് കെഎസ്ആർടിസി ബസിലാണ് കാലടിയിലെത്തിയത്. ഒമ്പത്‌ സോപ്പുപെട്ടികളിലാണ് ഹെറോയിൻ ഒളിപ്പിച്ചത്. ഏഴെണ്ണം ബാഗിലും രണ്ടെണ്ണം അടിവസ്ത്രത്തിനുള്ളിലുമായിരുന്നു. 10 ഗ്രാംവീതം ഡപ്പികളിലാക്കി ഒന്നിന്‌ 2500–--3000 രൂപ നിരക്കിലാണ് വിൽപ്പനയെന്ന്‌ പൊലീസ്‌ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലടി ബസ്‌ സ്‌റ്റാൻഡ്‌ പരിസരത്തുനിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡാൻസാഫ് ടീമിനെക്കൂടാതെ ഡിവൈഎസ്‌പി എം എ അബ്ദുൽ റഹിം, കാലടി എസ്എച്ച്ഒ അനിൽകുമാർ ടി മേപ്പള്ളി, എസ്ഐമാരായ ജയിംസ് മാത്യു, വി എസ് ഷിജു തുടങ്ങിയവർ ചേർന്നാണ് ബുധൻ രാത്രി എട്ടോടെ സംഘത്തെ പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top