27 December Friday

കൂവപ്പടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ; യുഡിഎഫില്‍ തമ്മിലടി രൂക്ഷം , മണ്ഡലം സെക്രട്ടറി റിബല്‍ സ്ഥാനാര്‍ഥി

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024


പെരുമ്പാവൂർ
കൂവപ്പടി സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയത്തിൽ യുഡിഎഫിൽ ചേരിപ്പോര് രൂക്ഷം. നിലവിലെ ബോർഡ് അംഗവും കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയുമായ എം ആർ ജൂഡ്സ് യുഡിഎഫ് മുന്നണിക്കെതിരെ റിബലായി മത്സരരംഗത്ത്‌ എത്തിയതോടെ മുന്നണിയില്‍ ഭിന്നിപ്പ് രൂക്ഷമായി. സംഘത്തിലെ ബന്ധുത്വ നിയമനവും സംഘം പിടിച്ചെടുക്കാനുള്ള ഗ്രൂപ്പുകളുടെ മത്സരവും സഹകാരികൾക്കിടയിലും പ്രതിഷേധത്തിനു വഴിതുറന്നു. എം ആർ ജൂഡ്സിനെ സ്ഥാനാർഥി പട്ടികയിൽനിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസ് അണികൾ നേതാക്കൾക്കെതിരെ രൂക്ഷവിമർശവുമായി രംഗത്തെത്തി.

യുഡിഎഫില്‍ മൂന്നുചേരിയായി തിരിഞ്ഞ് തർക്കം തുടങ്ങിയപ്പോൾ ജില്ലാ നേതൃത്വം ഇടപെട്ട് ഗ്രൂപ്പ് അടിസ്ഥാനത്തിൽ സീറ്റുകൾ പങ്കിട്ടാണ് പ്രശ്നം പരിഹരിച്ചത്. ഐ ഗ്രൂപ്പിന് ആറ് സീറ്റ്, എ ഗ്രൂപ്പിന് അഞ്ച്, മൂന്നാം ഗ്രൂപ്പിന് നാല് എന്നിങ്ങനെയായിരുന്നു സീറ്റ് വീതംവച്ചത്. നിലവിൽ പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് സ്ഥാനം നിലനിൽക്കെ 21 വർഷമായി ബോർഡ്മെമ്പർ സ്ഥാനത്ത് നിൽക്കുന്നയാളെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെയും കോൺഗ്രസ് പ്രവർത്തകർ പ്രചാരണം നടത്തുണ്ട്. മറ്റൊരു നേതാവ് ബാങ്കിൽ സ്ഥാപിച്ചിരുന്ന, എല്ലാവരുടെയും പേരുള്ള കല്ലുകൾ പിഴുതുമാറ്റി സ്വന്തംപേരുമാത്രമുള്ള കല്ല് സ്ഥാപിച്ചതും തെരഞ്ഞെടുപ്പിൽ ചർച്ചയാകും. പരാജയഭീതിമൂലം കോൺഗ്രസുമായി അടുപ്പമുള്ള ബിജെപി നേതാവുമായി സഹായം ആവശ്യപ്പെട്ട് ചർച്ച നടത്തിയതായും സംസാരമുണ്ട്.  ബന്ധുത്വ നിയമനത്തിനെതിരെ സഹകാരി നൽകിയ കേസ് കോടതിയിൽ നിലവിലുണ്ട്. ഞായർ രാവിലെമുതൽ കുന്നുമ്മേൽ ഗവ. ഹൈസ്കൂളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളാണ് മത്സരിക്കുന്നത്. സഹകരണ സംരക്ഷണ മുന്നണി 14 സീറ്റിൽ മത്സരിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top