കളമശേരി
മന്ത്രി പി രാജീവ് മുൻകൈയെടുത്ത് കളമശേരി നിയോജകമണ്ഡലത്തിന്റെ വിവിധഭാഗങ്ങളിലായി ആധുനിക സൗകര്യങ്ങളോടെ ആറു ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. തേവയ്ക്കൽ കവലയിൽ പണി പൂർത്തീകരിച്ച കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു.ഓരോന്നിലും എഫ്എം റേഡിയോ, ഫോൺ ചാർജിങ് സൗകര്യം എന്നിവയും സോളാർ വൈദ്യുതസംവിധാനവും ഉണ്ടാകും.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടിൽനിന്ന് 70 ലക്ഷം രൂപ ചെലവിലാണ് ആറ് കേന്ദ്രങ്ങളും പണിയുന്നത്. കളമശേരി നഗരസഭയിലെ ഇടപ്പള്ളി ടോൾ, കടുങ്ങല്ലൂർ പഞ്ചായത്തിൽ മുതുകാട് അമ്പലം, കരുമാല്ലൂർ പഞ്ചായത്തിൽ യുസി കോളേജ്, ആലങ്ങാട് പഞ്ചായത്തിൽ ആലങ്ങാട് അമ്പലം കവല, കുന്നുകര പഞ്ചായത്തിൽ കുന്നുകര ജങ്ഷൻ എന്നിവിടങ്ങളിലാണ് മറ്റു കേന്ദ്രങ്ങൾ. വീഗാലാൻഡ് ഡെവലപ്പേഴ്സിനാണ് നിർമാണച്ചുമതല.
തേവയ്ക്കലിലെ 10 മീറ്റർ നീളവും രണ്ടര മീറ്റർ വീതിയുമുള്ള കാത്തിരിപ്പുകേന്ദ്രത്തിൽ നാല് സ്പീക്കറും എട്ട് എൽഇഡി ലൈറ്റുമുണ്ട്. ഉദ്ഘാടനച്ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ അധ്യക്ഷയായി. എൻഫോഴ്സ്മെന്റ് ആർടിഒ കെ മനോജ്, അസി. പൊലീസ് കമീഷണർ കെ എ അഷ്റഫ്, സിപിഐ എം ഏരിയ സെക്രട്ടറി കെ ബി വർഗീസ്, തൃക്കാക്കര സഹകരണ ബാങ്ക് പ്രസിഡന്റ് സി എസ് എ കരീം, പി കെ ബേബി, കൗൺസിലർമാരായ കെ കെ ശശി, ലിസി കാർത്തികേയൻ, പി വി ഉണ്ണി തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..