20 December Friday

ലഹരിക്കെതിരെ സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


കൊച്ചി
ലഹരിമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ ബോധവൽക്കരണ യജ്ഞം സംഘടിപ്പിക്കാൻ എൻകോഡ് (നാർകോ കോ-–-ഓർഡിനേഷൻ സെന്റർ) ജില്ലാ യോഗ തീരുമാനം. 207 സിബിഎസ്ഇ സ്കൂളുകളിലും 900 സർക്കാർ സ്കൂളുകളിലും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും. ലഹരിവിരുദ്ധ സന്ദേശവും ലഹരി ഉപയോഗത്തിന്റെ ദൂഷ്യവും ഓരോ വിദ്യാർഥിയെയും കൃത്യമായി ബോധ്യപ്പെടുത്തുന്നവിധത്തിൽ സമഗ്ര ഇടപെടലാണ് ലക്ഷ്യമിടുന്നത്.

ഒരു മാസത്തിനുള്ളിൽ യജ്ഞം പൂർത്തിയാക്കുന്നരീതിയിൽ പ്രത്യേക കലണ്ടർ തയ്യാറാക്കാൻ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ നിർദേശിച്ചു. ഇതിനായി വിദ്യാഭ്യാസവകുപ്പിനെയും സിബിഎസ്ഇ സ്കൂൾ കോ-–-ഓർഡിനേറ്ററെയും ചുമതലപ്പെടുത്തി. നർകോട്ടിക്സ്, എക്സൈസ്, പൊലീസ്, സ്കൂൾ കൗൺസിലർമാർ, എംഎസ്ഡബ്ല്യു വിദ്യാർഥികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി റിസോഴ്സ് പേഴ്സൺമാരുടെ ശൃംഖല രൂപീകരിച്ചശേഷമായിരിക്കും ബോധവൽക്കരണ ക്ലാസ്.

2210 കേസ്‌, 
സിന്തറ്റിക്‌ ലഹരി കൂടുന്നു
എംഡിഎംഎ ഉൾപ്പെടെയുള്ള സിന്തറ്റിക് ലഹരിയുടെ ഉപയോഗം വർധിക്കുന്നതായി നർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥർ എൻകോഡ് യോഗത്തിൽ അറിയിച്ചു. വിദേശരാജ്യങ്ങളിൽനിന്ന് തപാലിലും കൊറിയറിലുമായി ലഹരിപദാർഥങ്ങൾ എത്തുന്നു. ഇത് തടയാനാവശ്യമായ പരിശോധനകൾ കർശനമാക്കി. വിവിധ വകുപ്പുകളുമായി ചേർന്ന് പരിശോധന നടത്തുമെന്നും നർകോട്ടിക്സ് വിഭാഗം അറിയിച്ചു.  തപാൽ, കൊറിയർ കേന്ദ്രങ്ങളിൽ സിസിടിവി കാമറയുടെ പ്രവർത്തനം പരിശോധിക്കാൻ പൊലീസിനോട്‌ കലക്ടർ നിർദേശിച്ചു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിൽ ഈ വർഷം ഇതുവരെ ലഹരിവസ്തുക്കൾ പിടികൂടിയതുമായി ബന്ധപ്പെട്ട് 2210 കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top