19 November Tuesday
ഇരുനൂറോളം കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങൾ

ശബരിമലയ്‌ക്ക്‌ സുഗമയാത്ര ; ദിവസവും 4 റിസർവേഷൻ ഷെഡ്യൂൾ ബസുകൾ

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Nov 19, 2024


കൊച്ചി
ശബരിമല തീർഥാടകർക്ക്‌ സുഗമയാത്രയ്‌ക്ക്‌ പ്രത്യക സർവീസുകളൊരുക്കി എറണാകുളം കെഎസ്‌ആർടിസി. എറണാകുളം ഡിപ്പോയിൽനിന്ന്‌ 27 ബസാണ്‌ പമ്പയിലേക്ക്‌ പോകാൻ സജ്ജമാക്കിയിട്ടുള്ളത്‌. കൂടാതെ ആർടിഒയുടെയും ദക്ഷിണ റെയിൽവേയുടെയും അംഗീകൃത നിരക്കുള്ള കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങളും ലഭ്യമാണ്‌.

തീർഥാടകരുടെ തിരക്കനുസരിച്ച്‌ ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന്‌ കെഎസ്‌ആർടിസി ജില്ലാ ട്രാൻസ്‌പോർട്ട്‌ ഓഫീസർ ടോണി കോശി അലക്‌സ്‌ പറഞ്ഞു. സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ തീർഥാടകരെ സഹായിക്കുന്നതിന്‌ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്‌. സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽനിന്നുതന്നെ യാത്രക്കാർക്ക്‌ പമ്പയിലേക്ക്‌ ബസ്‌ ലഭിക്കും. എറണാകുളം ഹെൽപ് ഡെസ്‌ക് നമ്പർ: 95627 38311.

ദിവസവും 4 റിസർവേഷൻ ഷെഡ്യൂൾ ബസുകൾ  
എല്ലാദിവസവും നാല്‌ റിസർവേഷൻ ഷെഡ്യൂൾ ബസുകൾ പമ്പയിലേക്കുണ്ടാകും. രാവിലെ ഒമ്പതിനും രാത്രി 9.30നും സർവീസുകളുണ്ട്‌. വൈകിട്ട്‌ 6.30ന്‌ ചോറ്റാനിക്കര, പിറവം വഴിയും ബസ്‌ പുറപ്പെടും. ഇതിനുപുറമെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ രാത്രി എട്ടിനും സർവീസുണ്ട്‌. ഇത്‌ വൈകിട്ട്‌ ആറിന്‌ എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിൽനിന്ന്‌ പുറപ്പെടും. ഫാസ്‌റ്റ്‌ പാസഞ്ചറിൽ ഒരാൾക്ക്‌ പമ്പവരെ 295 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. സൂപ്പർ ഫാസ്‌റ്റിന്‌ 305, ഡീലക്‌സിന്‌ 351 എന്നിങ്ങനെയാണ്‌ നിരക്ക്‌. ചോറ്റാനിക്കര വഴിയുള്ള ഫാസ്‌റ്റ്‌ പാസഞ്ചറിന്‌ 281 രൂപയും. onlineksrtcswift. com വെബ്‌സൈറ്റിൽ സീറ്റുകൾ റിസർവ്‌ ചെയ്യാം.

തീർഥാടകസംഘത്തിന്‌ 
ചാർട്ടേഡ്‌ ട്രിപ്പ്‌

തീർഥാടകസംഘത്തിന്‌ ശബരിമലയിലേക്ക്‌ പോകാൻ ബസ്‌ ബുക്ക്‌ ചെയ്‌തുള്ള ചാർട്ടേഡ്‌ ട്രിപ്പുകളുമുണ്ട്‌. സംസ്ഥാനത്തെ മറ്റു തീർഥാടക കേന്ദ്രങ്ങൾ സന്ദർശിക്കണമെങ്കിൽ അതുകൂടി യാത്രയിൽ ഉൾപ്പെടുത്താം. ഇതും ഓൺലൈനായി വെബ്‌സൈറ്റിൽ ബുക്ക്‌ ചെയ്യാം.  

ഇരുനൂറോളം കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങൾ
സൗത്ത്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്ന്‌ തീർഥാടകർക്ക്‌ യാത്രചെയ്യാൻ ഇരുനൂറോളം കോൺട്രാക്ട്‌ കാര്യേജ്‌ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്‌. ശബരിമല സ്‌പെഷ്യൽ പെർമിറ്റ്‌ പ്രീപെയ്‌ഡ്‌ ടാക്‌സി കൗണ്ടറിൽനിന്നാണ്‌ ഇവ ലഭിക്കുക. ദക്ഷിണ റെയിൽവേയും ആർടിഒയും അംഗീകരിച്ച യാത്രാനിരക്കാണ്‌ സർവീസുകൾക്ക്‌ ഈടാക്കുക. നൂറോളം ടെമ്പോ ട്രാവലറുകളും നാൽപ്പതോളം ബസുകളും മിനി ബസുകളും അറുപതോളം കാറുകളുമാണ്‌ സജ്ജമായിട്ടുള്ളത്‌.
ഏഴ്‌ സീറ്റുള്ള നോൺ എസി കാറുകളുടെ നിരക്ക്‌ 7800 രൂപയാണ്‌. ഏഴ്‌ സീറ്റുള്ള എസി കാറുകൾക്ക്‌ 8400–-9900 വരെയാണ്‌ നിരക്ക്‌.

10, 12, 14, 17, 19, 26 സീറ്റുള്ള ട്രാവലറുകൾ ലഭ്യമാണ്‌. നോൺ എസിക്ക്‌ 9500 മുതൽ 17,300 വരെയും എസിക്ക്‌ 10,500 മുതൽ 19,400 വരെയും. മിനി ബസുകൾ നോൺ എസിക്ക്‌ 16,800–-20,500. എസിക്ക്‌ 18,900–-23,500. നോൺ എസി ബസുകൾക്ക്‌ 21,500–-25,000 വരെയും എസി ബസുകൾക്ക്‌ 24, 500–-28,500 വരെയുമാണ്‌ നിരക്ക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top