19 December Thursday

പഞ്ചായത്ത് ഭൂമി വൃത്തിയാക്കാനെത്തിയവരെ തടഞ്ഞത്‌ തർക്കത്തിനിടയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


ആലങ്ങാട്
ആലങ്ങാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമി വൃത്തിയാക്കാനെത്തിയ അധികൃതരെ തടഞ്ഞത് തർക്കത്തിനിടയാക്കി. മാർക്കറ്റിനുസമീപത്തുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സെന്റ്‌ മേരീസ് പള്ളി അധികൃതർ നൽകിയ ഹർജി പറവൂർ മുൻസിഫ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

കൈവശാവകാശം സംബന്ധിച്ച് രേഖ ഹാജരാക്കാൻ പള്ളി അധികൃതർക്ക് സാധിച്ചില്ലെന്നും കേസിൽ ഹാജരാകാൻ പള്ളി വികാരി എത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഇതിനെത്തുടർന്നാണ് പഞ്ചായത്ത് അധികൃതർ ബുധൻ രാവിലെ ഭൂമി വൃത്തിയാക്കാനെത്തിയത്. പഞ്ചായത്ത് അധികൃതരെത്തിയതോടെ വിശ്വാസികളും പള്ളിയുമായി ബന്ധപ്പെട്ടവരും ചേർന്നു തടഞ്ഞത് പ്രദേശത്ത്‌ മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. ആലുവ ഈസ്റ്റ്, വെസ്‌റ്റ്‌, ബിനാനിപുരം സ്റ്റേഷനുകളിൽനിന്ന് പൊലീസെത്തി രംഗം ശാന്തമാക്കി.

പൊലീസിന്റെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള മറ്റു പ്രവർത്തനങ്ങൾ നടത്താമെന്നും ചർച്ചയിൽ തീരുമാനമായി. ആലങ്ങാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തോടുചേർന്നുള്ള വസ്തുവിലാണ് പള്ളി ഉടമസ്ഥാവകാശം ഉന്നയിച്ചിരിക്കുന്നതെന്നും ഇത് പള്ളിയുടെ പേരിൽ ചില തൽപ്പര കക്ഷികൾ നടത്തുന്ന പ്രവർത്തനമാണെന്നും പ്രസിഡന്റ് പി എം മനാഫ് പറഞ്ഞു. സമാധനാന്തരീക്ഷം തകർക്കാനും രാഷ്ട്രീയ ലാഭത്തിനുമായി ചിലർ നടത്തുന്ന പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി എതിർക്കുമെന്നും  പ്രസിഡന്റ്‌ പറഞ്ഞു. മുൻസിഫ് കോടതി വിധി സാങ്കേതികം മാത്രമാണെന്നും കേസ് വീണ്ടും പരിഗണിക്കുന്നതിന്‌ കോടതി നിർദേശപ്രകാരം ഫയൽ ചെയ്തിട്ടുണ്ടെന്നുമാണ് പള്ളി അധികൃതരുടെ വാദം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top