പെരുമ്പാവൂർ
വേങ്ങൂർ സാമൂഹ്യാരോഗ്യകേന്ദ്രം സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. കുട്ടികളുടെ കുത്തിവയ്പ് കേന്ദ്രം, കാത്തിരിപ്പുകേന്ദ്രം, ഒപി ടിക്കറ്റ് കൗണ്ടർ, പഴയ കെട്ടിടത്തിന്റെ നവീകരണം എന്നിവ പൂർത്തിയായി. വെള്ളി പകൽ മൂന്നിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
ദേശീയ ആരോഗ്യദൗത്യം ഫണ്ടിൽനിന്ന് 37.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഓഫീസ് സൗകര്യങ്ങളും വർധിപ്പിച്ചു. കംപ്യൂട്ടറുകളും ഓഫീസ് ഉപകരണങ്ങളും സ്ഥാപിച്ചു. ആധുനിക ലബോറട്ടറി സൗകര്യം ഇവിടെയുണ്ട്. കുറഞ്ഞ ചെലവിൽ 58 പരിശോധനകൾ നടത്താം. ഫിസിയോതെറാപ്പി സെന്റർ, സെക്കൻഡറി പാലിയേറ്റിവ് കെയർ, അർബുദ പരിശോധനാ ക്യാമ്പുകൾ, പ്രീ ചെക്ക് കൗൺസലിങ്, എൻസിഡി ക്ലിനിക് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.
സ്‌കൂൾ കുട്ടികൾക്കുള്ള ആരോഗ്യപദ്ധതിയായ ആർബിഎസ്‌കെ, വയോജന ക്ലിനിക്, ആരോഗ്യകിരണം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള അനുയാത്ര എന്നീ പദ്ധതികളും ലഭിക്കും. അഞ്ച് ഡോക്ടർമാരുടെ സേവനമുണ്ട്. രാവിലെമുതൽ ഒപി സൗകര്യവുമുണ്ട്. സായാഹ്ന ഒപിയും ഏർപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയതോടെ ഡോക്ടർമാർ ഉൾപ്പെടെ കൂടുതൽ ജീവനക്കാരുടെ സേവനം ലഭ്യമാകും. 15 ആശാ വർക്കർമാരും പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയർത്തി അംഗീകാരം ലഭ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ഇരുപത്തെട്ട് ലക്ഷം രൂപ ചെലവഴിച്ച് അഡ്മിനിസ്ട്രേഷൻ ബ്ലോക്ക് നിർമാണം പുരോഗമിക്കുകയാണ്. ഡോക്ടർമാർക്കുള്ള മുറികൾ, മറ്റു ഭരണകാര്യങ്ങൾ എന്നിവ അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലേക്ക് മാറും. രണ്ടുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ ടി അജിത് കുമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..