കൊച്ചി
നഗര ഗതാഗത വികസനവും വെള്ളക്കെട്ട് നിവാരണവുമായി ബന്ധപ്പെട്ട് മൂന്ന് സുപ്രധാന പദ്ധതികൾക്ക് കിഫ്‌ബി 23.45 കോടി രൂപ അനുവദിച്ചു. സിവിൽലൈൻ റോഡിൽ ചെമ്പുമുക്കിലെ രണ്ട് പാലങ്ങളുടെ പുനർനിർമാണത്തിന് 10.43 കോടി രൂപ, ചിലവന്നൂർ കനാൽ മാലിന്യവും ചെളിയും നീക്കി ആഴംകൂട്ടാൻ 8.41 കോടി രൂപ, ചിലവന്നൂർ കനാൽ പാലം നിർമാണത്തിന് 4.51 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്.
കാക്കനാട് മെട്രോ പാത നിർമാണത്തിന്റെ ഭാഗമായാണ് സിവിൽലൈൻ റോഡിൽ ചെമ്പുമുക്കിലെ രണ്ട് പാലങ്ങൾ ഉയരംകൂട്ടി പുനർനിർമിക്കുന്നത്. ചിലവന്നൂർ സുഭാഷ് ചന്ദ്രബോസ് റോഡ് പാലത്തിന്റെ ഉയരക്കുറവ് പ്രദേശത്തെ വെള്ളക്കെട്ടിന് പ്രധാനകാരണമാണ്. പൊളിച്ചുപണിയാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് (കെഎംആർഎൽ) പദ്ധതി തയ്യാറാക്കിയത്. ചെളിയും മാലിന്യവും നീക്കി ചിലവന്നൂർ കനാലിലെ നീരൊഴുക്ക് വർധിപ്പിക്കേണ്ടതും ആവശ്യമാണ്. വർഷങ്ങളായി കനാൽ ശുചീകരണമില്ലാതെ മാലിന്യവും പായലും ചെളിയും അടിഞ്ഞ അവസ്ഥയിലാണ്. വിശദ പദ്ധതിരേഖ തയ്യാറാക്കി കിഫ്‌ബിക്ക് സമർപ്പിച്ചിരുന്നു. അതു പരിശോധിച്ചാണ് രണ്ട് പ്രവൃത്തികൾക്കും പണം അനുവദിക്കാൻ ബോർഡ് യോഗം തീരുമാനിച്ചത്. കെഎംആർഎൽ ഉടൻ ടെൻഡർ ക്ഷണിക്കും. അടുത്ത മൺസൂണിനുമുമ്പ് ജോലികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന്റെ നിർമാണം നടക്കുകയാണ്. കനാൽ നവീകരണവും പാലത്തിന്റെ നിർമാണവും പൂർത്തിയാകുന്നതോടെ ജലമെട്രോ ബോട്ടുകളെ എളംകുളം മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാനാകും. അടുത്ത ഒക്‌ടോബറോടെ പദ്ധതി യാഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ കനാലുകളുടെ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി മാർക്കറ്റ് കനാലിന്റെ നവീകരണം കെഎംആർഎൽ പൂർത്തിയാക്കിയിരുന്നു. മാർക്കറ്റ് കനാലിന്റെ സൗന്ദര്യവൽക്കരണം ജനുവരിയോടെ തുടങ്ങും. സർക്കാർ അനുമതിയാകുന്ന മുറയ്‌ക്ക് ടെൻഡർ ക്ഷണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..