പെരുമ്പാവൂർ
റോഡിലെ കുഴിയിൽ ചാടിയ തടികയറ്റിയ ലോറി വശത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞു. ലോറിക്കടിയിൽപ്പെട്ട രണ്ടു കാറും രണ്ട് ബൈക്കും പൂർണമായി തകർന്നു. ആർക്കും പരിക്കില്ല. തിരുവനന്തപുരത്തുനിന്ന് തടിയുമായി വന്ന കെഎൽ 21എക്സ് 3158–--ാം നമ്പർലോറി ചൊവ്വ രാവിലെ ഒമ്പതിന് മുക്കണഞ്ചേരി ബൈപാസ് റോഡിലെ കാളച്ചന്തയ്ക്ക് മുൻവശം കുഴിയിൽച്ചാടി മറിയുകയായിരുന്നു. ലോറിയിലെ തടി ഒരുഭാഗത്തേക്ക് ചെരിഞ്ഞതാണ് മറിയാൻ കാരണം. കാലിച്ചന്ത ദിവസമായതിനാൽ പുലർച്ചെമുതൽ ഇവിടെ നല്ല തിരക്കുണ്ടായിരുന്നു. കന്നുകാലി വാങ്ങാനെത്തിയവർ പാർക്ക് ചെയ്തിരുന്ന കാറുകളുടെയും ബൈക്കുകളുടെയും മുകളിലേക്കാണ് ലോറി മറിഞ്ഞത്. എംസി റോഡിൽനിന്ന് പിപി റോഡിലേക്ക് ഭാരവാഹനങ്ങൾക്ക് പോകാനുള്ള ബൈപാസാണിത്.
അറ്റകുറ്റപ്പണി നടത്താത്തതാണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയും നഗരസഭാ ചെയർമാൻ പോൾ പാത്തിക്കലും എത്തിയിട്ട് ലോറി നീക്കിയാൽമതിയെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. പെരുമ്പാവൂർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..