കൊച്ചി
മാലിന്യശേഖരണത്തിന് കേരള ഓട്ടോ മൊബൈൽസ് ലിമിറ്റഡ് (കെഎഎൽ) പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഇലക്‌ട്രിക് കാർട്ടുമായി കോർപറേഷൻ. ഇനിമുതൽ കെഎഎൽ ഇ–-കാർട്ടും മാലിന്യശേഖരണ പ്രവർത്തനങ്ങൾക്ക് കോർപറേഷന് കരുത്താകും. ഇ–-കാർട്ട് കോർപറേഷന് കൈമാറി മന്ത്രി പി രാജീവ് വിപണനോദ്‌ഘാടനം നിർവഹിച്ചു.
ഖര, ദ്രവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കാൻ ഇ–-കാർട്ടിൽ അറകളുണ്ട്. മാലിന്യം ഇറക്കാൻ ടിപ്പിങ് സൗകര്യവുമുണ്ട്. 310 കിലോവരെ വഹിക്കാം. ഇടുങ്ങിയതും ചെറുതുമായ വഴികളിലൂടെ സഞ്ചരിക്കാൻ കഴിയും. ബാറ്ററിയിൽ പ്രവർത്തിക്കുന്നതിനാൽ മലിനീകരണം കുറയും. ഓൺറോഡ് വില 2.85 ലക്ഷമാണ്. വാഹനത്തിന് ഒരുവർഷവും ബാറ്ററിക്ക് മൂന്നുവർഷവും വാറന്റിയുണ്ട്. കെഎഎല്ലിന്റെ ഇ–-കാർട്ട് ആദ്യം വാങ്ങിയ തദ്ദേശസ്ഥാപനംകൂടിയായി കൊച്ചി കോർപറേഷൻ. മാലിന്യനീക്കത്തിന് മാത്രമല്ല, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവയുടെ വിൽപ്പനയ്‌ക്കും ഉപയോഗിക്കാൻ കഴിയും.
ഉദ്‌ഘാടനച്ചടങ്ങിൽ മേയർ എം അനിൽകുമാർ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ടി കെ അഷ്‌റഫ് താക്കോൽ ഏറ്റുവാങ്ങി. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെ അജിത്‌കുമാർ, ശാന്ത വിജയൻ, പുല്ലുവിള സ്‌റ്റാൻലി, വി എസ് രാജീവ് തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..