കാലടി
സമ്പൂർണ ബൈബിൾ പകർത്തിയെഴുതി മറ്റൂർ സ്വദേശി. മറ്റൂർ സ്വദേശി ചൊവ്വരാൻ വീട്ടിൽ സി വി പാപ്പച്ചനാണ് മൂന്നുവർഷംകൊണ്ട് ബൈബിൾ പകർത്തിയെഴുതിയത്.
മറ്റൂർ സെന്റ് മേരീസ് ടൗൺ ചർച്ച് അംഗവുമായ പാപ്പച്ചൻ കോവിഡ് കാലത്തെ വിരസത മാറ്റാനാണ് ബൈബിൾ എഴുതിത്തുടങ്ങിയത്. 2021 ജനുവരി 11ന് തുടങ്ങി 757 ദിവസം എടുത്ത് 2024 ജൂലൈ 22ന് എഴുതി പൂർത്തിയാക്കി. യഥാർഥ ബൈബിളിലെപ്പോലെതന്നെ കൈയെഴുത്ത് പ്രതിക്കും 3464 പേജുകൾ ഉണ്ട്. 10.5 കിലോ ഭാരംവരുന്ന ബൈബിൾ എഴുതുന്നതിന് 6062 മണിക്കൂർ എടുത്തു. 104 പേനകൾ ഉപയോഗിച്ചു.
എല്ലാദിവസവും രാവിലെ ഏഴോടെ തുടങ്ങുന്ന എഴുത്ത് മൂന്നുവരെ നീളും. ആദ്യദിവസങ്ങളിൽ കൈക്കുഴ നല്ല വേദനയായിരുന്നെങ്കിലും പിന്നീട് എഴുത്ത് ആവേശമായി. ഡിസംബർ 15ന് മറ്റൂർ ടൗൺ ചർച്ച് വികാരി ബിജോയ് പാലാട്ടി സമ്പൂർണ ബൈബിൾ കൈയെഴുത്ത് പ്രതി ഇടവക പള്ളിയിൽ പ്രകാശിപ്പിച്ചു.
ചൊവ്വരാൻ ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് കൂടിയായ പാപ്പച്ചനെ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗവും ട്രസ്റ്റ് സെക്രട്ടറിയുമായ സിജോ ചൊവ്വരാൻ അനുമോദിച്ചു. പ്രോത്സാഹനമായി ഭാര്യ മേരി കൂടെത്തന്നെയുണ്ട്. സോഫ്റ്റ്‌വെയർ എൻജിനിയർമാരായ മക്കൾ ദിപുവും ദിപിനും കുടുംബസമേതം വിദേശത്താണ്. ബൈബിൾ കൈയെഴുത്ത് പ്രതി കാണാൻ മറ്റൂരിലെ പാപ്പച്ചന്റെ വീട്ടിലെത്തുന്നത് നിരവധിപേരാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..