23 December Monday

-‘സെെനികവാഹനം’നിരത്തിൽ;
എഐ കാമറയിൽ കുടുങ്ങി

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2024

തൃക്കാക്കര
കാലാവധി കഴിഞ്ഞ്‌ പൊളിക്കാൻ കൊടുത്ത ഇന്തോ–-ടിബറ്റൻ ബോർഡർ പൊലീസിന്റെ (ഐടിബിപി) വാഹനം രൂപമാറ്റം വരുത്തി വ്യാജനമ്പർ ഉപയോഗിച്ച് നിരത്തിലിറക്കിയത്‌ എഐ കാമറയിൽ കുടുങ്ങി. മോട്ടോർവാഹന ഉദ്യോഗസ്ഥർ വാഹനം പിടികൂടി പെരുമ്പാവൂർ പൊലീസിന് കൈമാറി.
ജൂലൈ 15ന് അങ്കമാലി ടെൽക് റോഡരികിലെ എഐ കാമറയിൽ സീറ്റ് ബെൽറ്റ് ഇടാതെ പാഞ്ഞ ജിപ്സിയുടെ ദൃശ്യം പതിഞ്ഞിരുന്നു. വണ്ടിനമ്പർ പ്രകാരമുള്ള മേൽവിലാസത്തിൽ കർണാടകത്തിലെ ഉടമയ്‌ക്ക്‌ മോട്ടോർവാഹനവകുപ്പ് പിഴയടയ്‌ക്കാനുള്ള ചെലാൻ അയച്ചു. ചെലാൻ ലഭിച്ച ഉടമ തന്റെ ഷെവർലേ കാറിന്റേതാണ്‌ നമ്പറെന്നും ഈ വണ്ടി പൊളിക്കാൻ കൊടുത്തതാണെന്നും മംഗളൂരു പാർക്ക് പൊലീസ് സ്‌റ്റേഷനിൽ രേഖാമൂലം അറിയിച്ചു. പൊലീസ് ഈ വിവരം മോട്ടോർവാഹനവകുപ്പിനെ അറിയിച്ചു.
തുടർന്ന് എറണാകുളം മോട്ടോർവാഹനവകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പെരുമ്പാവൂരിൽ നടത്തിയ പരിശോധനയിൽ ജിപ്‌സി കണ്ടെത്തി. ചേസിസ്‌ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഐടിബിപി ഉപയോഗിച്ചശേഷം പൊളിക്കാൻ നൽകിയതാണെന്ന്‌ മനസ്സിലായി. എൻജിൻ കേടായി  വർക്‌ഷോപ്പിൽ എത്തിച്ചപ്പോഴാണ് ജിപ്‌സി പിടിച്ചെടുത്തത്‌.
രജിസ്ട്രേഷൻ റദ്ദാക്കിയ വാഹനങ്ങൾ രൂപമാറ്റം വരുത്തി വിൽക്കുന്ന അന്തർസംസ്ഥാന തട്ടിപ്പുസംഘമാണ്‌ ഇതിനുപിന്നിലുള്ളതെന്നാണ് വിവരം. രജിസ്ട്രേഷൻ റദ്ദാക്കിയ നിരവധി വാഹനങ്ങൾ ഇത്തരത്തിൽ നിരത്തിലിറങ്ങിയിട്ടുണ്ടോ എന്ന് മോട്ടോർവാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top