24 November Sunday

ആരോഗ്യമേഖലയിൽ 
വികസനക്കുതിപ്പ് ; 15 വികസനപദ്ധതികൾ ആരോഗ്യമന്ത്രി നാടിന്‌ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024


കൊച്ചി
ആരോഗ്യമേഖലയിലെ 15 പുതിയ വികസനപദ്ധതികൾ മന്ത്രി വീണാ ജോർജ്‌ നാടിന്‌ സമർപ്പിച്ചു. ആലുവ ജില്ലാ ആശുപത്രിയിൽ 2.71 കോടി രൂപ ചെലവിൽ ലക്ഷ്യ സ്റ്റാൻഡേർഡ്‌സിൽ ലേബർ റൂം, എമർജൻസി ഓപ്പറേഷൻ തിയറ്റർ എന്നിവ ഉൾപ്പെടെ ആറു നിയമസഭാ മണ്ഡലങ്ങളിൽ 9.18 കോടിയുടെ പദ്ധതികളാണ്‌ മന്ത്രി ഉദ്‌ഘാടനം ചെയ്തത്.

സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത ലക്ഷ്യ സ്റ്റാൻഡേർഡ്‌സ് പ്രകാരമുള്ളതാണ് ആധുനിക സൗകര്യങ്ങളോടെയുള്ള ശീതീകരിച്ച ഓപ്പറേഷൻ തിയറ്ററും ലേബർ കോംപ്ലക്സും. ഹെപ്പ ഫിൽറ്റർ സംവിധാനമുള്ള അത്യാധുനിക എമർജൻസി ഓപ്പറേഷൻ തിയറ്റർ, ലേബർ റൂം, അത്യാഹിതവിഭാഗത്തിന്‌ അടിയന്തരചികിത്സ ഉറപ്പാക്കുന്ന ട്രയേജ് ഏരിയ, പോസ്റ്റ് സർജിക്കൽ റൂം, സെപ്റ്റിങ്‌ ലേബർ റൂം തുടങ്ങിയ സംവിധാനങ്ങളാണ് ആലുവ ജില്ലാ ആശുപത്രിയിൽ ഒരുക്കിയിട്ടുള്ളത്.

നിലവിൽ പ്രതിമാസം 90നും നൂറിനും ഇടയിൽ പ്രസവങ്ങളാണ് ആലുവ ജില്ലാ ആശുപത്രിയിൽ നടക്കുന്നത്. പുതിയ ഓപ്പറേഷൻ തിയറ്ററും ലേബർ റൂമും വന്നതോടെ, ജില്ലാ ആശുപത്രിയിൽ പ്രസവസംബന്ധമായ കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി നടത്താനാകും. ആലുവ ജില്ലാ ആശുപത്രിയുടെ ഒപി ബ്ലോക്ക് വിപുലീകരണത്തിനായി 4.73 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.

വൈപ്പിൻ, പറവൂർ, ആലുവ, പെരുമ്പാവൂർ, കുന്നത്തുനാട്, പിറവം നിയോജകമണ്ഡലങ്ങളിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ വികസനപദ്ധതികൾ മന്ത്രി ഉദ്ഘാടനം ചെയ്‌തു. അതത് മണ്ഡലത്തിലെ എംഎൽഎമാർ ചടങ്ങിൽ അധ്യക്ഷരായി. വൈപ്പിൻ മണ്ഡലത്തിലെ നാലു പദ്ധതികൾ, പറവൂരിൽ രണ്ട്, ആലുവയിൽ മൂന്ന്‌, പെരുമ്പാവൂരിൽ രണ്ട്‌, കുന്നത്തുനാട് മൂന്ന്, പിറവത്ത് രണ്ട് പദ്ധതികൾ എന്നിങ്ങനെയാണ് മന്ത്രി നാടിന്‌ സമർപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top