26 December Thursday

കുസാറ്റ് ബഹുരാഷ്ട്ര കമ്പനികളുമായി കൈകോര്‍ക്കും

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023


കളമശേരി
അന്താരാഷ്ട്ര അക്കാദമിക് സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കുസാറ്റ്‌ വിവിധ വിദേശ സര്‍വകലാശാലകളുമായും ബഹുരാഷ്ട്ര കമ്പനികളുമായും കൈകോർക്കുന്നു. ശ്രീലങ്കയിലെ റുഹുണ സര്‍വകലാശാല (യുഒആര്‍)യില്‍ വിദ്യാഭ്യാസം, ഗവേഷണം, വികസനം എന്നിവയില്‍ വിദ്യാര്‍ഥികളുടെ കൈമാറ്റവും സഹകരണവും ആരംഭിക്കുന്നതിന് ധാരണപത്രം ഒപ്പിട്ടു. റുഹുണ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സുജീവ അമരസേനയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘത്തില്‍ യുഒആറിലെ പ്രൊഫ. അശോക ദീപാനന്ദ, ഡോ. ചിത്രാല്‍ അമ്പവട്ട എന്നിവർ പങ്കെടുത്തു.

ബഹുരാഷ്ട്ര കമ്പനിയായ ഐബിഎമ്മില്‍നിന്നുള്ള പ്രതിനിധിസംഘവും കുസാറ്റ് വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരനുമായി കൂടിക്കാഴ്ച നടത്തി. ഐബിഎം പോളണ്ട് ലാബ്, എസ്‌പിഎസ്എസ് സ്റ്റാറ്റിസ്റ്റിക്സ് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ആന്‍ഡ് സപ്പോര്‍ട്ട് ഡയറക്ടര്‍ സ്ലോവോമിര്‍ കുംകയുടെ നേതൃത്വത്തിലുള്ള സംഘവുമായിട്ടായിരുന്നു കൂടിക്കാഴ്ച.

ഓസ്ട്രേലിയയിലെ ജയിംസ് കുക്ക് യൂണിവേഴ്സിറ്റിയില്‍നിന്നുള്ള ഡോ. ഡേവിഡ് ക്രെയ്ഗ്, മറൈന്‍ സയന്‍സ് മേഖലയിലെ അക്കാദമിക, ഗവേഷണ സഹകരണ സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കുസാറ്റ് സന്ദര്‍ശിച്ചു. ഫ്രാന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് നാഷണല്‍ പോളിടെക്നിക് ഡി ടൗളൂസ് കുസാറ്റുമായി ഇരട്ട പ്രോഗ്രാമുകളും ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സര്‍വകലാശാല സന്ദര്‍ശിച്ചു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വൈസ് പ്രസിഡന്റ് ഡോ. പാസ്‌കല്‍ മൗഷന്‍, എഫ്എക്‌സ്എം, ക്യാമ്പസ് ഫ്രാന്‍സ് മാനേജര്‍ എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്. കുസാറ്റിലെ വിവിധ വകുപ്പ് മേധാവികൾ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top