കൊച്ചി
തേവര സ്വദേശിയായ യുവാവിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ചാംപ്രതി തമിഴ്‌നാട്ടുകാരൻ ഒളിവിൽ കഴിഞ്ഞത് കളമശേരിയിൽ. തേവര പെരുമാനൂരിൽനിന്ന് കാണാതായ ജെഫ് ജോൺ ലൂയിസിനെ ഗോവയിലെത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പാലക്കാട്ടുനിന്ന് പിടിയിലായ, തമിഴ്‌നാട്ടുകാരൻ കേശവനാണ് കളമശേരി എൻഎഡി പരിസരത്ത് താമസിച്ചതായി കണ്ടെത്തിയത്. ഇയാൾ വയനാട് സുൽത്താൻബത്തേരി താഴമുണ്ടയിലാണ് നിലവിൽ താമസിക്കുന്നത്. കേശവനുമായി അന്വേഷകസംഘം വെള്ളിയാഴ്‌ച സ്ഥലത്ത് തെളിവെടുപ്പ് നടത്തി.
ജെഫിനെ കൊലപ്പെടുത്തുമ്പോൾ മറ്റു പ്രതികൾക്ക് സഹായവുമായി കേശവനുമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടക്കുമ്പോൾ പ്രദേശത്തേക്ക് ആളുകൾ വരുന്നുണ്ടോയെന്ന് നോക്കി പ്രതികൾക്ക് സന്ദേശം കൈമാറിയത് ഇയാളായിരുന്നു. നേരത്തേ അറസ്റ്റിലായ വയനാട് സുൽത്താൻ ബത്തേരിയിൽ താമസിക്കുന്ന തമിഴ്‌നാട്ടുകാരനായ മുത്തപ്പന്റെ അമ്മയുടെ സഹോദരിയുടെ മകനാണ് കേശവൻ. ഇരുവരും സമാനരീതിയിലാണ് പ്രതികൾക്ക് സഹായം നൽകിയത്. കൊല കഴിഞ്ഞ് അതുവഴി ഒരു വാഹനം വന്നപ്പോൾ വിവരം സംഘത്തെ അറിയിച്ചത് കേശവനും മുത്തപ്പനുമായിരുന്നു. കഴിഞ്ഞദിവസം പാലക്കാട്ടുനിന്നാണ് കേശവനെ പിടികൂടിയത്. ഇയാൾ മോഷണം, കഞ്ചാവ് വിൽപ്പന അടക്കമുള്ള കുറ്റകൃത്യങ്ങൾ നടത്തിയതായി പൊലീസ് പറഞ്ഞു.
ലഹരിക്കേസിൽ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലിൽനിന്നാണ് ജെഫിന്റെ തിരോധാനവിവരം ലഭിക്കുന്നത്. ജെഫിന്റെ മൊബൈൽ ഫോൺ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോട്ടയം വെള്ളൂർ സ്വദേശി അനിൽ ചാക്കോ (28), സ്‌റ്റൈഫിൻ തോമസ് (24), വയനാട് വൈത്തിരി സ്വദേശി ടി വി വിഷ്ണു (25) എന്നിവരാണ് ആദ്യം അറസ്റ്റിലായത്. 2021 നവംബറിൽ ഗോവയിൽ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിൻചരുവിൽവച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തികൊണ്ട് കഴുത്തിൽ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..