മൂവാറ്റുപുഴ
വിടപറഞ്ഞത് സിനിമയ്ക്കൊപ്പം സാഹിത്യവും ചിത്രകലയുമായി ജീവിതം ചാലിച്ചെടുത്ത കലാകാരൻ. സിനിമാപ്രവർത്തകനായ ജോബൻ ചാണ്ടി എന്ന ജോബൻ എൻ നേര്യന്ത്ര (56) കഴിഞ്ഞദിവസമാണ് ഹൃദയാഘാതംമൂലം അന്തരിച്ചത്. അധ്യാപക ദമ്പതികളായ മേക്കടമ്പ് നേര്യന്ത്ര വീട്ടിൽ പരേതനായ പി കെ ചാണ്ടിയുടെയും സൂസിയുടെയും മൂന്നാമത്തെ മകനാണ്.
ചെറുപ്പംമുതൽ സിനിമാ മോഹമുണ്ടായിരുന്ന ജോബൻ പ്രീഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരം സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമയെടുത്തത്. തുടർന്ന് സംവിധായകൻ ഭരതന്റെ ശിഷ്യനായി. പരസ്യചിത്രങ്ങളിലും ഡോക്യുമെന്ററികളിലും പ്രവർത്തിച്ചു. കഥകളും പാട്ടുകളും ദൃശ്യാവിഷ്കാരം നടത്തി. രാജൻ പി ദേവ് ഉൾപ്പെടെയുള്ള പ്രമുഖ നടീനടൻമാരെ പങ്കെടുപ്പിച്ച് നിർമിച്ച കാള എന്ന സീരിയലിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. ചമയം, പതിനെട്ടാംപടി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
ഇതോടൊപ്പം ആനുകാലികങ്ങളിൽ കവിതകളും കവിതയുമെഴുതി. ചിത്രകലയിൽ അബ്സ്ട്രാക്ട് സിംഫണി മോഡേൺ ആർട്ട് എന്ന സ്വന്തം ശൈലി കൊണ്ടുവന്നു. ജോബന് അന്ത്യാഞ്ജലി അർപ്പിക്കാൻ സിനിമാപ്രവർത്തകരും കലാകാരന്മാരും സുഹൃത്തുക്കളും വീട്ടിലെത്തി. ഭാര്യ: ബോബി. മക്കൾ: ഇവാൻ, അലൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..