21 November Thursday

ഒരുമയുടെ കരൾ സ്റ്റോറി ; അലൻ ഷൈന് രണ്ടാംജന്മം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


ആലുവ
നിരവധിപേരുടെ ഒരുമയോടെയുള്ള സമയോചിത ഇടപെടലിൽ മുണ്ടക്കയം ചിറ്റടി സ്വദേശി അലൻ ഷൈന് രണ്ടാംജന്മം. മഞ്ഞപ്പിത്തം മൂർഛിച്ച് അബോധാവസ്ഥയിലാണ് ആലുവ രാജഗിരി ആശുപത്രിയിൽ അലനെ അച്ഛൻ ഷൈനും അമ്മ റീനയും പ്രവേശിപ്പിച്ചത്. ട്രാൻസ്‌പ്ലാന്റ് സർജൻ ഡോ. ബിജു ചന്ദ്രൻ, കരൾരോഗ വിദഗ്ധരായ ഡോ. ജോൺ മേനാച്ചേരി, ഡോ. സിറിയക് എബി ഫിലിപ്സ് എന്നിവർ നടത്തിയ പരിശോധനയിൽ ‘അക്യൂട്ട് ലിവർ ഫെയിലിയർ' ആണെന്ന് കണ്ടെത്തി. കരൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. അമ്മ റീനയുടെ കരൾ അലന് അനുയോജ്യമായി. രാജഗിരി അവയവമാറ്റ കമ്മിറ്റി ചേർന്ന് ദാതാവിനും, സ്വീകർത്താവിനും അതിവേഗം ശസ്ത്രക്രിയ അനുമതി നൽകി. പിന്നാലെ അതിവേഗം നിയമനടപടികൾ പൂർത്തിയാക്കി.

അവധി ദിവസമായ ഞായറാഴ്ച അടിയന്തര കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഡോ. ബിജു ചന്ദ്രൻ നേതൃത്വം നൽകി. പൂജ അവധിദിനം മാറ്റിവച്ച് ഓപ്പറേഷൻ തിയറ്ററിലെ നഴ്സുമാരും ടെക്നീഷ്യന്മാരും ജോലിചെയ്തു. മുണ്ടക്കയം ചിറ്റടി ഗ്രാമവും വെളിച്ചിയാനി ഇടവകയും അലൻ പഠിക്കുന്ന എടക്കുന്നം ഗവ. സ്കൂളും, അമ്മ റീന ജോലി ചെയ്തിരുന്ന മലനാട് ഡെവലപ്മെന്റ് സൊസൈറ്റിയും സാമ്പത്തിക സഹായവുമായി കൂടെനിന്നു. സാഹചര്യം മനസ്സിലാക്കി പ്രവർത്തിച്ച ഒരുപിടി നല്ല മനുഷ്യരുടെ കൂട്ടായ്മയോടെ അലൻ ജീവിതത്തിലേക്ക് തിരിച്ചുവന്നു. ആശുപത്രിവിട്ട അലനും റീനയും സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top